പൗരത്വ പട്ടികയില്‍ വരന്റെ പേരില്ല; അവസാന നിമിഷം വിവാഹം മുടങ്ങി; യുവതിയും യുവാവും ഒളിച്ചോടി

അസമിലെ ദേശീയ പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ദിനവും ഉയര്‍ന്നുവരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സമിലെ ദേശീയ പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ദിനവും ഉയര്‍ന്നുവരുന്നത്. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു, സ്വന്തം ദേശത്ത് അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്നു, ജയില്‍ ശിക്ഷകളും കുറവൊന്നുമല്ല. പൗരത്വ രജിസ്‌ട്രേഷനില്‍ പേരില്ലാത്തതുകാരണം കല്യാണം മുടങ്ങിയ യുവാവിനും യുവതിക്കും ഒളിച്ചോടേണ്ടി വന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ദക്ഷിണ അസാമിലെ സില്‍ച്ചര്‍ നവ്യഗ്രാമിലെ ബെരേങ്ക പാര്‍ട്ട് 5ലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വരന്റെ പൗര്യത്വ രജിസ്‌ട്രേഷ വിവരങ്ങളില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പൗരത്വ രജിസ്‌ട്രേഷനില്‍ പേരില്ലാത്ത വരന് മകളെ വിവാഹം ചെയ്ത് നല്‍കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിച്ചു. രണ്ടുകൂട്ടരും തര്‍ക്കം തുടര്‍ന്നതോടെ മറ്റു വഴികളില്ലാതെ വധുവും വരനും ഒളിച്ചോടി. 

കുത്തബുദ്ദീന്‍ ബാര്‍ഭുയ്യ എന്നയാള്‍ മകള്‍ രഹ്ന(20)യുമായുള്ള വിവാഹം ദില്‍വര്‍ ഹുസൈന്‍ ലസ്‌കര്‍(30)എന്ന യുവാവുമായാണ് നിശ്ചയിച്ചിരുന്നത്. ദില്‍വറിന് പൗരത്വ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് കുത്തബുദ്ദീന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. പിന്നാലെ ആഗസ്റ്റ് 15ന് രഹ്നയും ദില്‍വറും ഒളിച്ചോടി. കുടിയേറ്റക്കാരനല്ലെന്ന് ദില്‍വര്‍ തെളിയിച്ചാല്‍ മാത്രമേ വിവാഹം അംഗീകരിക്കു എന്ന വാശിയിലാണ് രഹ്നയുടെ കുടുംബം. മകളെ ദില്‍വര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഇവര്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. 

പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനായി വീട്ടിലെത്തിയ ദില്‍വറിന്റെ കുടുംബത്തോട് വരന്‍ ബംഗ്ലാദേശിയല്ലെന്നും ഇന്ത്യക്കാരാനാണെന്നും തെളിയിക്കാനുള്ള രേഖകള്‍ കൊണ്ടുവരാനായിരുന്നു കുത്തബുദ്ദീന്‍ പറഞ്ഞത്. ദില്‍വറിന്റെത് ഒഴിച്ച് ബാക്കിയെല്ലാവരുടെയും വിവരങ്ങള്‍ പട്ടികയിലുണ്ടെന്നും അന്തിമ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരും കാണുമെന്നാണ് ദില്‍വറിന്റെ കുടുംബം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com