ദളിത് വൃദ്ധന്റെ മൃതദേഹം പാലത്തില്‍ നിന്ന് കെട്ടിയിറക്കി, സവര്‍ണര്‍ വഴി മുടക്കിയതോടെ

പാലം ഇല്ലാതിരുന്നപ്പോള്‍ മൃതദേഹം ഇവര്‍ വെള്ളത്തില്‍ ഒഴുക്കി വിടുകയായിരുന്നു ചെയ്തത്
ദളിത് വൃദ്ധന്റെ മൃതദേഹം പാലത്തില്‍ നിന്ന് കെട്ടിയിറക്കി, സവര്‍ണര്‍ വഴി മുടക്കിയതോടെ

വെല്ലൂര്‍: ദളിത് വൃദ്ധന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി പാലത്തില്‍ നിന്നും താഴേക്ക് കെട്ടിയിറക്കി നാട്ടുകാര്‍. ശ്മശാനത്തിലേക്കുള്ള വഴി ഉന്നത ജാതിക്കാര്‍ അടച്ചതോടെയാണ് മൃതദേഹം കയറില്‍കെട്ടി താഴെ ശ്മശാനത്തിലേക്ക് ഇറക്കിയത്. 

കുപ്പന്‍(65) എന്നയാളുടെ മൃതദേഹത്തോടായിരുന്നു അനാദരവ്. ആഗസ്റ്റ് 16ന് അപകടത്തില്‍പ്പെട്ട് കുപ്പന്‍ മരിക്കുകയായിരുന്നു. 17നായിരുന്നു ശവസംസ്‌കാര ചടങ്ങുകള്‍. പാലത്തിന് മുകളില്‍ നിന്നും മൃതദേഹം താഴേക്ക് കെട്ടിയിറക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. 

ഇവിടത്തെ ശ്മശാനത്തിലേക്കുള്ള വഴി ഉള്‍പ്പെടുന്ന പ്രദേശം ഒരു ദശാബ്ദത്തിന് മുന്‍പ് ഗൗണ്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഉന്നത ജാതി വര്‍ഗം സ്വന്തമാക്കി. അവരുടെ പ്രദേശം അവര്‍ വേലികെട്ടി തിരിച്ചതോടെ ശ്മശാനത്തിലേക്കുള്ള വഴിയടഞ്ഞു. അന്ന് മുതല്‍ പാലത്തില്‍ നിന്നും താഴേക്ക് ഇറക്കിയാണ് താഴ്ന്ന ജാതിക്കാര്‍ മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് എത്തിച്ചിരുന്നത്. 

പാലം ഇല്ലാതിരുന്നപ്പോള്‍ മൃതദേഹം ഇവര്‍ വെള്ളത്തില്‍ ഒഴുക്കി വിടുകയായിരുന്നു ചെയ്തത്. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com