മലയാളി അടക്കം ആറുഭീകരര്‍ നുഴഞ്ഞുകയറി; തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാനിര്‍ദേശം 

തീവ്രവാദികള്‍ നുഴഞ്ഞുകയറി എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാനിര്‍ദേശം
മലയാളി അടക്കം ആറുഭീകരര്‍ നുഴഞ്ഞുകയറി; തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാനിര്‍ദേശം 

കോയമ്പത്തൂര്‍: തീവ്രവാദികള്‍ നുഴഞ്ഞുകയറി എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ അതീവ ജാഗ്രതാനിര്‍ദേശം. മലയാളി ഉള്‍പ്പെടെ ലഷ്‌കറെ തയിബയുടെ ആറംഗ ഭീകരസംഘം തമിഴ്‌നാട്ടിലെത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കമാന്‍ഡോ ഫോഴ്‌സിനെ വിന്യസിക്കാന്‍ അനുവദിക്കണമെന്ന് കോയമ്പത്തൂര്‍ സിറ്റി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.പാക്കിസ്ഥാന്‍ സ്വദേശിയടക്കമുള്ളവര്‍ ശ്രീലങ്കയില്‍നിന്ന് കടല്‍ വഴി തമിഴ്‌നാട്ടിലേക്കു കടന്നെന്നാണ് വിവരം. കോയമ്പത്തൂരടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കാണ് ഭീകരര്‍ കടന്നിരിക്കുന്നത്. രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കി. 

നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരു മലയാളിയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന്റെ സാന്നിധ്യമാണ് ഏജന്‍സികള്‍ സ്ഥിരീകരിച്ചത്. ഇയാളുടെ സഹായത്തോടെയാണു ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്‌നാട് തീരത്തെത്തിയത്.

നുഴഞ്ഞുകയറിയവരില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയും മറ്റുള്ളവര്‍ ശ്രീലങ്കന്‍ തമിഴ് മുസ്ലീങ്ങളുമാണെന്നാണ് വിവരം. ഇല്യാസ് അന്‍വര്‍ എന്ന പാക്ക് ഭീകരനാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റിയില്‍ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറിയായിരിക്കും ഇവരെത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ നുഴഞ്ഞുകയറ്റം ഒഴിവാക്കുന്നതിനായി തീരദേശ ഗ്രാമങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ വാഹനപരിശോധനയടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ശക്തമാക്കി. 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ നിയോഗിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com