കടല്‍ വഴി ഇന്ത്യയെ ആക്രമിക്കാന്‍ ജെയ്‌ഷെ പദ്ധതിയിടുന്നു ; ഭീകരര്‍ക്ക് തീവ്രപരിശീലനം നല്‍കുന്നതായി രഹസ്യറിപ്പോര്‍ട്ട് ലഭിച്ചെന്ന് നാവികസേന മേധാവി

രാജ്യ താത്പര്യത്തിന് വിരുദ്ധമായ പ്രവണതകള്‍ ഉണ്ടായാല്‍ സേന ഉചിതമായി പ്രവര്‍ത്തിക്കുമെന്നും അഡ്മിറല്‍ കരംബിര്‍ സിങ്
കടല്‍ വഴി ഇന്ത്യയെ ആക്രമിക്കാന്‍ ജെയ്‌ഷെ പദ്ധതിയിടുന്നു ; ഭീകരര്‍ക്ക് തീവ്രപരിശീലനം നല്‍കുന്നതായി രഹസ്യറിപ്പോര്‍ട്ട് ലഭിച്ചെന്ന് നാവികസേന മേധാവി

ന്യൂഡല്‍ഹി : കടലിനടിയിലൂടെ ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്. ഇതിനുള്ള പരിശീലനം ഭീകരര്‍ക്ക് നല്‍കുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏത് തരത്തിലുള്ള ആക്രമണവും നേരിടാന്‍ സേന സജ്ജമാണെന്നും നാവികസേന മേധാവി വ്യക്തമാക്കി. 

പുനെയില്‍ ജനറല്‍ ബി സി ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണ് നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. ജെയ്‌ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദഗ്ധരായ ചാവേറുകള്‍ പരിശീലനം നേടുന്നുവെന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭീകരവാദത്തിന്റെ മാറിയ മുഖങ്ങളിലൊന്നാണ് ഇത്. പക്ഷെ ഞങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. എന്തുതരത്തിലുമുള്ള സാഹസങ്ങളും പരാജയപ്പെടുത്താന്‍ നാവിക സേന നിതാന്ത ജാഗ്രത പുലര്‍ത്തുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും അഡ്മിറല്‍ കരംബിര്‍ സിങ് വ്യക്തമാക്കി. 

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സമുദ്രതീരമേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര സംരക്ഷണ സേന, തീരദേശ പോലീസ്, നാവിക സേന, സംസ്ഥാന സര്‍ക്കാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവ ചേര്‍ന്ന സംവിധാനമാണിത്. കടല്‍വഴിയുള്ള നുഴഞ്ഞുകയറ്റമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ മഹാസമുദ്രം തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്.  സമുദ്രമേഖലയില്‍ ചൈനീസ് നാവിക സേനയുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നത് നാവിക സേന നിരീക്ഷിക്കുന്നുണ്ട്. രാജ്യ താത്പര്യത്തിന് വിരുദ്ധമായ പ്രവണതകള്‍ ഉണ്ടായാല്‍ സേന ഉചിതമായി പ്രവര്‍ത്തിക്കുമെന്നും അഡ്മിറല്‍ കരംബിര്‍ സിങ് വ്യക്തമാക്കി. കടല്‍ വഴിയുള്ള ഏത് ആക്രമണത്തെയും നേരിടാന്‍ നാവിക സേന സജ്ജമാണെന്നും കരംബിര്‍ സിങ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com