ജുഡീഷ്യറിയിലെ അഴിമതി പരസ്യമായ രഹസ്യം ; തുറന്നടിച്ച് ജഡ്ജി ; ജഡ്ജിക്കു മുന്നിലെ കേസുകളെല്ലാം പിന്‍വലിച്ച് ചീഫ് ജസ്റ്റിസ്

കീഴ് കോടതി ജഡ്ജിമാര്‍ക്കെതിരെ പരാതി കിട്ടുമ്പോള്‍ മാതൃകാപരമായി ശിക്ഷിക്കാതെ വിടുന്നതാണ് അഴിമതി വളരാന്‍ കാരണമാകുന്നത്
ജുഡീഷ്യറിയിലെ അഴിമതി പരസ്യമായ രഹസ്യം ; തുറന്നടിച്ച് ജഡ്ജി ; ജഡ്ജിക്കു മുന്നിലെ കേസുകളെല്ലാം പിന്‍വലിച്ച് ചീഫ് ജസ്റ്റിസ്

പറ്റ്‌ന : ജുഡീഷ്യറിയിലെ അഴിമതി പരസ്യമായ രഹസ്യമാണെന്ന് തുറന്നടിച്ച് ഹൈക്കോടതി ജഡ്ജി. പറ്റ്‌ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാകേഷ് കുമാറാണ് നീതിന്യായ സംവിധാനത്തിനെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. അഴിമതിക്കേസില്‍പ്പെട്ട മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ പി രാമയ്യയുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴാണ് ജഡ്ജി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. 

പട്ടികജാതിക്കാര്‍ക്കുള്ള ബിഹാര്‍ മഹാദളിത് വികാസ് മിഷന്‍ പദ്ധതിയുടെ 5 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന രാമയ്യക്കെതിരെ കേസെടുത്തത്. കേസില്‍ തന്നെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും പരിരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാമയ്യ നല്‍കിയ ഹര്‍ജി ഹൈക്കോടതിയും സുപ്രിംകോടതിയുമടക്കം തള്ളിയിരുന്നു.

എന്നാല്‍ പിന്നീട് രാമയ്യക്ക് കീഴ്‌കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.ഈ കോടതി നടപടിയെയാണ് ജസ്റ്റിസ് രാകേഷ് കുമാര്‍ ചോദ്യം ചെയ്തത്. സ്ഥിരം ജഡ്ജിക്ക് പകരം മറ്റൊരു ജഡ്ജി കേസ് പരിഗണിക്കുകയും ജാമ്യം നല്‍കുകയുമായിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ ജസ്റ്റിസ് രാകേഷ് കുമാര്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കി. 

റഗുലര്‍ വിജിലന്‍സ് കോടതി ജഡ്ജി അവധിയില്‍ പോയത് സ്വാഭാവികമായ നടപടിയായിരുന്നോ, പകരം ജഡ്ജി തിടുക്കപ്പെട്ട് വിധി പുറപ്പെടുവിച്ചത് മറ്റെന്തെങ്കിലും ക്രമക്കേടിന്റെ ഭാഗമാണോ എന്നു പരിശോധിക്കാനും ജസ്റ്റിസ് രാകേഷ് കുമാര്‍ നിര്‍ദേശിച്ചു. ഈ വിധി പുറപ്പെടുവിക്കുന്നതിനിടെയാണ് ജഡ്ജിമാരും, ജുഡീഷ്യല്‍ സംവിധാനവും അഴിമതിയില്‍പ്പെട്ടിരിക്കുന്ന കാര്യം പരസ്യമായ രഹസ്യമാണെന്ന് ജസ്റ്റിസ് കുമാര്‍ അഭിപ്രായപ്പെട്ടത്. 

കീഴ് കോടതി ജഡ്ജിമാര്‍ക്കെതിരെ പരാതി കിട്ടുമ്പോള്‍ മാതൃകാപരമായി ശിക്ഷിക്കാതെ, ചെറിയ ശിക്ഷ നല്‍കി വിടുന്നതാണ് ജുഡീഷ്യറിയില്‍ അഴിമതി വളരാന്‍ കാരണമാകുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും ജസ്റ്റിസ് കുമാര്‍ വിമര്‍ശിച്ചു. 

ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയ താന്‍, സീനിയര്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ പ്രീണിപ്പിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തക്കാരെ ജഡ്ജിമാരാക്കാനും ആനുകൂല്യങ്ങള്‍ പറ്റാനുമാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന് മനസ്സിലായി എന്നും ജസ്റ്റിസ് രാകേഷ് കുമാര്‍ പറഞ്ഞു.  

ഇതിന് പിന്നാലെ ജസ്റ്റിസ് രാകേഷ് കുമാര്‍ പരിഗണിച്ചുകൊണ്ടിരുന്ന കേസുകളെല്ലാം അദ്ദേഹത്തിന്റെ ബെഞ്ചില്‍ നിന്നും പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് പിന്‍വലിച്ചു. ജസ്റ്റിസ് കുമാര്‍ വാദം കേട്ടതോ, വാദം കേട്ടുകൊണ്ടിരിക്കുന്നതോ, ലിസ്റ്റ് ചെയ്തതോ ആയ മുഴുവന്‍ കേസുകളും അടിയന്തരമായി പിന്‍വലിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എ പി ഷാഹി പുറപ്പെടുവിച്ച നോട്ടീസില്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com