ദേശീയ പൗരത്വ പട്ടിക നാളെ ; ആശങ്കയില്‍ 41 ലക്ഷം പേര്‍ ; അസമില്‍ കനത്ത സുരക്ഷ

പട്ടികയില്‍ ഉള്‍പ്പെടാത്തവരെ ഉടന്‍ വിദേശികളായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്
ദേശീയ പൗരത്വ പട്ടിക നാളെ ; ആശങ്കയില്‍ 41 ലക്ഷം പേര്‍ ; അസമില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് ഓണ്‍ലൈനായാകും പട്ടിക പ്രസിദ്ധീകരിക്കുക. ഏകദേശം ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് അന്തിമ പട്ടികയ്ക്ക് രൂപം നല്‍കിയത്. 41 ലക്ഷത്തോളം പേരാണ് പട്ടികയിൽ ഉൾപ്പെടുമോ എന്ന ആശങ്കയില്‍ കഴിയുന്നത്. 

പട്ടികയില്‍ ഉള്‍പ്പെടാത്തവരെ ഉടന്‍ വിദേശികളായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് വിദേശികള്‍ക്കായുള്ള ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കാം. ഇതുമായി ബന്ധപ്പെട്ട പരാതികല്‍ പരിശോധിക്കുന്നതിനായി 1000 ട്രിബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഇല്ലാത്തവര്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ സേവാകേന്ദ്രങ്ങള്‍ വഴി പട്ടികയില്‍ പേരുണ്ടോ എന്ന വിവരം അറിയാനാകുമെന്നും അധികൃതര്‍ അറിയിച്ചു. 

2013 ലാണ് പട്ടിക പുതുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 

ഉദ്യോഗസ്ഥരുടെ സഹായത്തോടെ പട്ടിക പരിശോധിച്ച് പേരുണ്ടെന്നുറപ്പ് വരുത്താന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ജൂലായ് 30 ന് പ്രസിദ്ധീകരിച്ച ആദ്യകരട് പട്ടികയില്‍  നിന്ന് ധാരാളം പേര്‍ പുറത്തായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു ലക്ഷത്തോളം പേര്‍ ഈ പട്ടികയിലും പുറത്തായിരുന്നു. 

അതിനിടെ ദേശീയ പൗരത്വ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി അസമില്‍ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. സംസ്ഥാന തലസ്ഥാനമുള്‍പ്പെടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രകോപനപരമായ പ്രസ്താവനകള്‍ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കരുതെന്ന് അസം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

മതിയായ രേഖകളുടെ അഭാവത്തില്‍ പട്ടികയില്‍ നിന്ന്  നിരവധി ഇന്ത്യന്‍ പൗരന്മാരുടെ പേരുകള്‍ നീക്കം ചെയ്യപ്പെടാനും അര്‍ഹതയില്ലാത്തവരുടെ പേരുകള്‍ ഉള്‍പ്പെടാനും സാധ്യതയുണ്ടെന്ന് ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അന്തിമപ്പട്ടികയില്‍ പേരുള്‍പ്പെടാത്തവര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

എല്ലാ അസം പൗരന്മാര്‍ക്കും പട്ടികയില്‍ ഇടം നേടാനുള്ള അവസരം നല്‍കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്ത പൗരന്മാര്‍ക്ക്  ട്രിബ്യൂണലിനെ സമീപിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു. പൗരത്വപട്ടിക സംബന്ധിച്ച പ്രശ്‌നങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പുനഃപരിശോധിച്ച ശേഷമാണ് ഈ തീരുമാനം.  

അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചുള്ള ഉന്നതലയോഗം അമിത് ഷായുടെ അധ്യക്ഷതയില്‍  തിങ്കളാഴ്ച നടന്നിരുന്നു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബെ, അസം ചീഫ് സെക്രട്ടറി അലോക് കുമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com