അസം ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു ; 19 ലക്ഷം പേര്‍ പുറത്ത്

പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാനായി 120 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്
അസം ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു ; 19 ലക്ഷം പേര്‍ പുറത്ത്

ന്യൂഡല്‍ഹി :ആസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. മൂന്നുകോടി,11 ലക്ഷത്തി ഇരുപത്തിഒന്നായിരത്തി നാലുപേരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 19 ലക്ഷത്തി ആറായിരത്തി അറുന്നൂറ്റി അമ്പത്തി ഏഴ് (19,06,657) പേരാണ് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്ന് എന്‍ആര്‍സി സംസ്ഥാന കോര്‍ഡിനേറ്റര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാനായി 120 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇവരുടെ പരാതിയിന്മേല്‍ ആറുമാസത്തിനകം തീരുമാനമെടുക്കണം. ഇതിനായി അസമില്‍ 100 ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ തുറന്നിട്ടുണ്ട്. സെപ്തംബര്‍ രണ്ടിന് 200 ട്രിബ്യൂണല്‍ കൂടി തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

സെപ്തംബര്‍ അവസാന വാരത്തോടെ, 200 ട്രിബ്യൂണല്‍ കൂടി തുറക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതോടെ ആകെ 500 ട്രിബ്യൂണല്‍ ആരംഭിച്ച് 19 ലക്ഷംപേരുടെയും അപേക്ഷയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കും. ഈ റിപ്പോര്‍ട്ട് കൂടി സുപ്രിംകോടതിക്ക് കൈമാറും. സുപ്രിംകോടതി പട്ടിക വിലയിരുത്തിയശേഷം ദേശീയ പൗരത്വ രജിസ്ട്രാര്‍ക്ക് കൈമാറുന്നതോടെയാണ് പട്ടികയില്‍ നിന്നും പുറത്തായവര്‍ ഇന്ത്യന്‍ പൗരന്മാര്‍ അല്ലാതാകുക. 

ഇപ്പോല്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ 10 മാസത്തെ സാവകാശമാണ് ലഭിക്കുക. നേരത്തെ കഴിഞ്ഞ ജൂലൈയില്‍ എന്‍ആര്‍സി ഡയറക്ടര്‍ പുറത്തിറക്കിയ കരട് പട്ടികയില്‍ 41 ലക്ഷം പേരാണ് പുറത്തായിരുന്നത്. ബംഗ്ലാദേശില്‍ നിന്നും കുടിയേറ്റക്കാര്‍ വര്‍ധിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അസമില്‍ പൗരത്വ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com