പൗരത്വ പട്ടികയില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എയും കോണ്‍ഗ്രസ് എംഎല്‍എയുടെ മകളും മുന്‍ സൈനിക മേധാവിയും പുറത്ത്, പ്രതിഷേധം

ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷം പേരാണ് പുറത്തായത്
പൗരത്വ പട്ടികയില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എയും കോണ്‍ഗ്രസ് എംഎല്‍എയുടെ മകളും മുന്‍ സൈനിക മേധാവിയും പുറത്ത്, പ്രതിഷേധം

ന്യൂഡല്‍ഹി : അസമിലെ ദേശീയ പൗരത്വ പട്ടിക പുറത്തായവരില്‍ സംസ്ഥാനത്തെ നിലവിലെ എംഎല്‍എയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പ്രതിപക്ഷ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ എംഎല്‍എ അനന്തകുമാര്‍ മലോയാണ് പട്ടികയില്‍ നിന്നും പുറത്തായത്. സൗത്ത് അഭയാപുരിയില്‍ നിന്നുള്ള എംഎല്‍എയാണ് മലോ. അനന്തകുമാര്‍ മലോയുടെ മകനും പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട്. 

മുന്‍ സൈനിക ഓഫീസര്‍ മുഹമ്മദ് സനാവുള്ളയാണ് പട്ടികയില്‍ നിന്നും പുറത്തായ മറ്റൊരു പ്രമുഖന്‍. ഇദ്ദേഹത്തെ നേരത്തെ വിദേശിയെന്ന് പ്രഖ്യാപിക്കുകയും തടങ്കലിലാക്കുകയും ചെയ്തിരുന്നു. ഈ കേസ് കോടതിയിലാണ്. ഈ പശ്ചാത്തലത്തില്‍ അവസാന നിമിഷത്തില്‍ പട്ടികയില്‍ തന്റെ പേരും ഇടംപിടിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് സനാവുള്ള പറഞ്ഞു. 

തന്റെ കുടുംബവും പട്ടികയില്‍ നിന്നും പുറത്തായതായി സനാവുള്ള വ്യക്തമാക്കി. കതിയോഗാര്‍ഹില്‍ നിന്നുള്ള ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ മുന്‍ എംഎല്‍എ അതാവുര്‍ റഹ്മാന്‍ മജര്‍ബുയാനും, ഡല്‍ഗാവോണില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഇല്യാസ് അലിയുടെ മകളും പൗരത്വ പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട്. 

സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷം പേരാണ് പുറത്തായത്. മൂന്നുകോടി,11 ലക്ഷത്തി ഇരുപത്തിഒന്നായിരത്തി നാലുപേരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാനായി 120 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇവരുടെ പരാതിയിന്മേല്‍ ആറുമാസത്തിനകം തീരുമാനമെടുക്കണം. ഇതിനായി അസമില്‍ 100 ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ തുറന്നിട്ടുണ്ട്. ഇനിയും 400 ഓളം ട്രിബ്യൂണലുകള്‍ കൂടി ആരംഭിക്കും. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com