മെഹര്‍ തരാര്‍ അല്ലാതെ മറ്റൊരു സ്ത്രീയെച്ചൊല്ലിയും തര്‍ക്കമുണ്ടായി; സുനന്ദ മരിച്ചത് വാര്‍ത്താസമ്മേളനം നടത്താനിരിക്കെ: തരൂരിന് എതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന്‍

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍  പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി.
മെഹര്‍ തരാര്‍ അല്ലാതെ മറ്റൊരു സ്ത്രീയെച്ചൊല്ലിയും തര്‍ക്കമുണ്ടായി; സുനന്ദ മരിച്ചത് വാര്‍ത്താസമ്മേളനം നടത്താനിരിക്കെ: തരൂരിന് എതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന്‍


ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍  പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി. ശശി തൂരിന് എതിരെ കൊലക്കുറ്റമോ ആത്മഹത്യാ പ്രേരണക്കുറ്റമോ ചുമത്തണമെന്ന് കേസ് അന്വേഷിച്ച ഡല്‍ഹി പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ഐപിഎല്ലുമായി ബന്ധപ്പെട്ട് പത്ര സമ്മേളനം നടത്താനിരിക്കെയാണ് സുനന്ദ പുഷ്‌കര്‍ മരിച്ചതെന്ന് ഡല്‍ഹി പൊലീസ് പട്യാല ഹൗസ് കോടതിയില്‍ പറഞ്ഞു. 

മരണത്തിന് മുമ്പ് സുനന്ദ പുഷ്‌കര്‍ സ്ഥിരമായി തരൂരുമായി വഴക്കിട്ടിരുന്നു എന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ പറഞ്ഞു. സുനന്ദയും തരൂരും ദുബൈയില്‍ വെച്ച് വഴക്കിട്ടതിന് സഹായിയുടെ മൊഴിയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

പാകിസ്ഥാന്‍ ജേര്‍ണലിസ്റ്റ് മെഹര്‍ തരാറിന്റെ പേരിലല്ലാതെ 'കാറ്റി' എന്ന് പേരുള്ള മറ്റൊരു സ്ത്രീയുടെ കാര്യത്തിലും ഇവര്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നുവെന്ന് സഹായി വ്യക്തമാക്കിയതായി അതുല്‍ പറഞ്ഞു. സുനന്ദ കടുത്ത മാനസ്സിക സംഘര്‍ഷത്തിലായിരുന്നുവെന്നും ജീവിക്കാന്‍ താത്പര്യമല്ലെന്ന് വ്യക്തമാക്കുന്ന സുനന്ദയുടെ മെയില്‍ കണ്ടുകിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. 

മരണത്തിന് മുമ്പ് സുനന്ദ മാധ്യമപ്രവര്‍ത്തക നളിനി സിംഗുമായി സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തരൂര്‍ ബന്ധം വേര്‍പെടുത്തുമെന്നും മെഹര്‍ തരാറിനെ വിവാഹം ചെയ്യുമെന്നും സുനന്ദ പറഞ്ഞതായി നളിനിയുടെ മൊഴിയില്‍ പറയുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 

മരണ കാരണം ആത്മഹത്യയല്ലെന്നും മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നും വിദഗ്ധ വൈദ്യ പരിശോധനാഫലത്തില്‍ പറയുന്നുണ്ടെന്നും അങ്ങനെയിരിക്കെ, എങ്ങനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷന് പറയാനാകുമെന്നും തതൂരിന് വേണ്ടി വാദിച്ച അഭിഭാഷകന്‍ വികാസ് പഹ്‌വ ചോദിച്ചു. തെളിവുകളുടെ മുക്കുംമൂലയും മാത്രമാണ് പ്രോസിക്യൂഷന്‍ വായിച്ചതെന്നും തരൂരിന്റെ അഭിഭാഷകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com