പൗരത്വ ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു ; അസമില്‍ പൊലീസ് വെടിവെപ്പ്, മൂന്നുമരണം ; ഇന്റര്‍നെറ്റ് വിഛേദിച്ചു

പ്രതിഷേധം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി മേഘാലയിലും ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു
പൗരത്വ ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു ; അസമില്‍ പൊലീസ് വെടിവെപ്പ്, മൂന്നുമരണം ; ഇന്റര്‍നെറ്റ് വിഛേദിച്ചു

ഗുവാഹത്തി : ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധത്തിനിടെ അസമില്‍ മൂന്ന് പ്രതിഷേധക്കാര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അസമിന് പുറമെ ത്രിപുരയിലും പ്രക്ഷോഭം ശക്തമാണ്. പ്രതിഷേധം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അസമിലെ 10 ജില്ലകളില്‍ അധികൃതര്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിരിക്കുകയാണ്. പ്രതിഷേധം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി മേഘാലയിലും ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു.

അസമിലെ ഗുവാഹത്തി, ടിന്‍സുകിയ, ജോര്‍ഹട്ട്, ദിബ്രുഗഡ് എന്നിവിടങ്ങളില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി. ഗുവാഹത്തിക്കും ദിബ്രുഗഡിനും പുറമേ ജോര്‍ഹട്ടിലും നിശാനിയമം ഏര്‍പ്പെടുത്തി.നിശാനിയമം ലംഘിച്ച് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി നിരത്തിലിറങ്ങിയത്. പ്രതിഷേധക്കാര്‍ ഒരു ബാങ്കിന് തീവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അസമില്‍ വിദ്യാലയങ്ങള്‍ മുഴുവന്‍ 10 ദിവസത്തേക്ക് അടച്ചു. ത്രിപുരയിലേക്കും കൂടുതല്‍ അര്‍ധനസൈനികരെ അയച്ചു.

അസം, ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല ഗുവാഹട്ടി, ദിബ്രുഗഡ് വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കി. ഇതിന് പുറമെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍, കേന്ദ്രമന്ത്രി രാമേശ്വര്‍ ഒലി തുടങ്ങിയ പ്രമുഖരടക്കമുള്ള രാഷ്ട്രീയക്കാരുടെ വീടുകളും പ്രതിഷേധക്കാര്‍ ആക്രമിച്ചു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അസം ജനതയെ വഞ്ചിച്ചുവെന്ന് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ (എഎഎസ്‌യു) കുറ്റപ്പെടുത്തി. എല്ലാ വര്‍ഷവും ഡിസംബര്‍ 12 കരിദിനമായി ആചരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. അതിനിടെ, ഗോത്രവര്‍ഗ വിഭാഗങ്ങളുടെ സംരക്ഷണത്തിനുള്ള ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഉടന്‍തന്നെ സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന് മേഘാലയയിലെ നോര്‍ത്ത് ഈസ്റ്റ് ഇന്‍ഡിജനസ് പീപ്പിള്‍സ് ഫോറം ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com