കേന്ദ്രം അയയുന്നു; പൗരത്വ നിയമ ഭേദഗതിയില്‍ മാറ്റത്തിന് തയ്യാറെന്ന് അമിത് ഷാ, ചര്‍ച്ച നടത്തും

പൗരത്വ നിയമ ഭേദഗതിയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുമെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
കേന്ദ്രം അയയുന്നു; പൗരത്വ നിയമ ഭേദഗതിയില്‍ മാറ്റത്തിന് തയ്യാറെന്ന് അമിത് ഷാ, ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുമെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. ഇതിന്റെ ഭാഗമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രതിഷേധം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. നിയമത്തിനെതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ മരണസംഖ്യ അഞ്ചായി. ഈ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രസ്താവന. പൗരത്വ നിയമ ഭേദഗതിയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുമെന്ന സൂചന നല്‍കിയ അമിത് ഷാ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും വ്യക്തമാക്കി.

'വെളളിയാഴ്ച മേഘാലയ മുഖ്യമന്ത്രിയും മന്ത്രിമാരും തന്നെ വന്നു കണ്ടിരുന്നു. നിയമഭേദഗതിയുടെ പ്രത്യാഘാതങ്ങളാണ് ഇവര്‍ വിശദീകരിച്ചത്.  ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. ക്രിസ്മസിന് ശേഷം കൂടിയാലോചന നടത്താമെന്ന് ഉറപ്പുനല്‍കി. മേഘാലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടത്താമെന്ന ഉറപ്പ് അവര്‍ക്ക് നല്‍കി'- അമിത് ഷാ പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്‌കാരം, ഭാഷ തുടങ്ങിയവയെ പുതിയ നിയമം ബാധിക്കില്ലെന്ന് കഴിഞ്ഞദിവസം അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഈ  പ്രദേശങ്ങളിലെ രാഷ്ട്രീയ അവകാശത്തെ നിയമം ഒരു വിധത്തിലും ബാധിക്കില്ലെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com