'ഞാന്‍ ജീവനോടെയുള്ളിടത്തോളം കാലം നടപ്പാക്കില്ല'; പൗരത്വ നിയമഭേദഗതിക്ക് എതിരെ മമത തെരുവില്‍, കൊല്‍ക്കത്തയില്‍ കൂറ്റന്‍ റാലി

ദേശീയ പൗരത്വ നിയമഭേദഗതിക്കും എന്‍ആര്‍സിക്കും എതിരെ കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൂറ്റന്‍ റാലി.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമഭേദഗതിക്കും എന്‍ആര്‍സിക്കും എതിരെ കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൂറ്റന്‍ റാലി. എന്‍ആര്‍സിയും പൗരത്വ നിയമഭേദഗതിയും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിയായിരുന്നു മമതയുടെ റാലി. രണ്ടു നിയമങ്ങളും പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് അവര്‍ ആവര്‍ത്തിച്ചു. പ്രതിഷേധങ്ങളുടെ മറവില്‍ സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന് മമത ആരോപിച്ചു. 

'ബംഗാളിലെ ന്യൂനപക്ഷങ്ങളുടെ കൂട്ടുകാരെന്ന് നടിക്കുന്ന പുറത്തുനിന്നുള്ള ശക്തികളാണ് അക്രമം അഴിച്ചുവിട്ടത്. അവര്‍ ബിജെപിയുടെ സഹായികളാണ്. അവരുടെ കെണിയില്‍ വീഴരുത്.' മമത പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

'ഞാന്‍ ജീവനോടെയുള്ളിടത്തോളം കാലം എന്‍ആര്‍സിയും പൗരത്വ നിയമഭേദഗതിയും ബംഗാളില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ല. നിങ്ങള്‍ക്ക് എന്റെ സര്‍ക്കാരിനെ പിരിച്ചുവിടുകയോ എന്നെ അഴിക്കുള്ളിലാക്കുകയോ ചെയ്യാം. പക്ഷേ ഞാനീ കരിനിയമം ഒരിക്കലും നടപ്പാക്കില്ല. ഈ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഞാന്‍ ജനാധിപത്യപരമായി പോരാടും.'- മമത പറഞ്ഞു. 

ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തെയും മമത വിമര്‍ശിച്ചു. മറ്റുള്ളവരെ ക്രമസമാധാനത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന് മുമ്പ് ബിജെപി ഭരിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരുവുകള്‍ ശാന്തമാക്കണമെന്നും അവര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com