ഉളളിക്ക് പിന്നാലെ ഉരുളക്കിഴങ്ങ് വിലയും കേന്ദ്രസര്‍ക്കാരിന് തലവേദനയാകുന്നു; 75 ശതമാനം വരെ വര്‍ധന

ഉളളിക്ക് പിന്നാലെ ഉരുളക്കിഴങ്ങ് വിലയും കേന്ദ്രസര്‍ക്കാരിന് തലവേദനയാകുന്നു; 75 ശതമാനം വരെ വര്‍ധന

ഡല്‍ഹിയില്‍ 75 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്

ന്യൂഡല്‍ഹി: സവാളയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങ് വിലയും കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ 75 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മറ്റു പ്രമുഖ നഗരങ്ങളിലും വിലയില്‍ ക്രമാതീതമായ വര്‍ധന രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

സവാളയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങ് വിലയും ക്രമാതീതമായി ഉയരുന്നത് കുടുംബ ബജറ്റുകളെ അവതാളത്തിലാക്കും.ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയില്‍ 75 ശതമാനത്തിലേറെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.കൊല്‍ക്കത്തയില്‍ വില ഇരട്ടിയായി. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 32 രൂപയാണ് ഒരു കിലോ ഉരുളക്കിഴങ്ങിന്റെ ശരാശരി വില. മറ്റു ചില പ്രദേശങ്ങളില്‍ വില 40 രൂപയായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പഞ്ചാബിലും യുപിയിലും ബംഗാളിലും കാലം തെറ്റി പെയ്ത മഴയാണ് ഈ മാറ്റത്തിന് കാരണം. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. അതേസമയം, ഉള്ളിവില നിയന്ത്രിക്കാനാകാതെ നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന് ഉരുളക്കിഴങ്ങിന്റെ വില ഉയരുന്നത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പരമാവധി പത്ത് ദിവസത്തിനുള്ളില്‍ ഉരുളക്കിഴങ്ങിന്റെ വില താഴുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. പുതിയ സ്‌റ്റോക്ക് അപ്പോഴേക്കും വിപണിയിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com