ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സിങ് സെന്‍ഗാറിന് ജീവിതാവസാനം വരെ തടവുശിക്ഷ

ഉന്നാവ് ബലാത്സംഗ കേസില്‍ ബിജെപിയില്‍നിന്നു പുറത്താക്കപ്പെട്ട, ഉത്തര്‍പ്രദേശ് എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് ജീവപര്യന്തം തടവു ശിക്ഷ
ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സിങ് സെന്‍ഗാറിന് ജീവിതാവസാനം വരെ തടവുശിക്ഷ

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ ബിജെപിയില്‍നിന്നു പുറത്താക്കപ്പെട്ട, ഉത്തര്‍പ്രദേശ് എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് ജീവപര്യന്തം തടവു ശിക്ഷ. പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന കേസില്‍ സെന്‍ഗാര്‍ കുറ്റക്കാരനെന്ന് തീസ് ഹസാരി കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം ജീവിതാവസാനം വരെയാണെന്ന് കോടതി വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഇതിനു പുറമേ ഇരുപത്തിയഞ്ചു രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. ഇതില്‍ പത്തു ലക്ഷം രൂപ പെണ്‍കുട്ടിക്കു കൈമാറണം. പതിനഞ്ചു ലക്ഷം കേസിനു ചെലവായി ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.

ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നു പെണ്‍കുട്ടി പൊലീസ് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പൊലീസ് നടപടികളിലേക്കു പോവാന്‍ വിസമ്മതിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ പെണ്‍കുട്ടി ആത്മാഹുതിക്കു ശ്രമിച്ചതോടെയാണ് കേസ് മാധ്യമ ശ്രദ്ധയില്‍ വന്നത്. 

കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ പെണ്‍കുട്ടിയുടെ പിതാവിനെ എംഎല്‍എയുടെ സഹോദരന്‍ അടക്കമുള്ളവര്‍ മര്‍ദിച്ചു. കള്ളക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ പെണ്‍കുട്ടി ആത്മാഹുതിക്കു ശ്രമിക്കുകയായിരുന്നു. ഇതിനു തൊട്ടടുത്തദിവസം പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.

കോടതി ഇടപെടലില്‍ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മാവനെ പഴയ കേസ് കുത്തിപ്പൊക്കി ജയിലിലടച്ചു. അമ്മാവനെ കണ്ടുമടങ്ങിയ പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ട് ബന്ധുക്കള്‍ മരിച്ചു. പെണ്‍കുട്ടിക്കു ഗുരുതരമായി പരുക്കേറ്റു. സംഭവം വിവാദമായതോടെ സുപ്രീം കോടതിത ഇടപെടലില്‍ പെണ്‍കുട്ടിയുടെ ചികിത്സ ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു. കേസുകളുടെ വിചാരണയും ഡല്‍ഹി കോടതിയിലേക്കു മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com