മംഗളൂരുവില്‍ അതീവ ജാഗ്രത; കൂടുതല്‍ പ്രദേശങ്ങളില്‍ കര്‍ഫ്യൂ; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; ഇന്ന് അവധി; കരുതലോടെ കേരളം

മംഗളൂരു ഉള്‍പെടുന്ന ദക്ഷിണ കന്നട ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു. ബംഗളൂരുവിലും നിരോധനാജ്ഞ തുടരുകയാണ്
മംഗളൂരുവില്‍ അതീവ ജാഗ്രത; കൂടുതല്‍ പ്രദേശങ്ങളില്‍ കര്‍ഫ്യൂ; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; ഇന്ന് അവധി; കരുതലോടെ കേരളം

മംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട മംഗളൂരുവില്‍ അതീവജാഗ്രത. ഞായറാഴ്ച അര്‍ധരാത്രി വരെ നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. മംഗളൂരു ഉള്‍പെടുന്ന ദക്ഷിണ കന്നട ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിരോധിച്ചു. ബംഗളൂരുവിലും നിരോധനാജ്ഞ തുടരുകയാണ്.

ബന്ദറില്‍ പൊലീസ് സ്‌റ്റേഷന് മുന്നിലെപ്രതിഷേധത്തിനിടെയായിരുന്നു വെടിവയ്്പ്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് വെടിവച്ചു. വെടിയേറ്റ് വീണ ജലീല്‍ കുദ്രോളിയും നൗഷീനും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.  ആദ്യം വാര്‍ത്ത പുറത്തുവിടാതിരുന്ന പൊലീസ് അഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നഗരത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കിയശേഷം രാത്രി ഒന്‍പതുമണിയോടെയാണ് രണ്ടുപേരുടെ മരണവിവരം പുറത്തുവിട്ടത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറേറ്റിന്റെ പരിധിയിലാകെ കര്‍ഫ്യൂ വ്യാപിപ്പിച്ചു. പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് പൊലീസ് വിശദീകരണം. 

മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം 48 മണിക്കൂര്‍ നേരത്തേക്ക് വിച്ഛേദിച്ചു. അഭ്യൂഹങ്ങളും പ്രകോപനപരമായ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാനാണ് നടപടി. വെടിവയ്്പിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലെ  നാലുജില്ലകളില്‍ ഡി.ജി.പി പൊലീസിന് ജാഗ്രതാനിര്‍ദേശം നല്‍കി.  കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ പൊലീസിനെ സജ്ജമാക്കി നിര്‍ത്താന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com