'ഒരു കിലോ പ്ലാസ്റ്റിക്ക് തരു; ഒരു പാക്കറ്റ് പാല്‍ സൗജന്യമായി നേടു'

പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനുള്ള ബോധവത്കരണ പരിപാടികളും നടക്കുന്നു
'ഒരു കിലോ പ്ലാസ്റ്റിക്ക് തരു; ഒരു പാക്കറ്റ് പാല്‍ സൗജന്യമായി നേടു'

പഞ്ച്കുള (ഹരിയാന): പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും നടക്കുകയാണിപ്പോള്‍. ഒറ്റ തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വിപണനവും പരമാവധി ഒഴിവാക്കുക ലക്ഷ്യമിട്ട് നിരോധനമടക്കമുള്ള കര്‍ശന നടപടികള്‍ പല സംസ്ഥാനങ്ങളും ഇപ്പോള്‍ സ്വീകരിക്കുന്നുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനുള്ള ബോധവത്കരണ പരിപാടികളും നടക്കുന്നു. 

ഇപ്പോഴിതാ പ്ലാസ്റ്റിക്ക് അലക്ഷ്യമായി പുറംതള്ളുന്നത് ഒഴിവാക്കാന്‍ വ്യത്യസ്തമായൊരു ശ്രമം നടത്തുകയാണ് ഹരിയാനയിലെ പഞ്ച്കുള മുന്‍സിപ്പല്‍ കോര്‍പറേഷന്‍. പ്ലാസ്റ്റിക്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ കോര്‍പ്പറേഷന്‍ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ബോക്‌സില്‍ ആളുകള്‍ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാം. 

അലക്ഷ്യമായി വലിച്ചെറിയാതെ പ്ലാസ്റ്റിക് ശേഖരിച്ച് നല്‍കിയാല്‍ തിരിച്ച് ഒരു പാക്കറ്റ് പാല്‍ നല്‍കുന്ന 'വിത ബൂത്ത്‌സ്'  എന്ന പദ്ധതിയാണ് പഞ്ച്ഗുള മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടപ്പാക്കിയത്. പദ്ധതിയനുസരിച്ച് ഒരു കിലോ പ്ലാസ്റ്റിക്കോ പത്ത് പ്ലാസ്റ്റിക്ക് ബോട്ടിലുകളോ നല്‍കിയാല്‍ ഇത്തരത്തില്‍ സൗജന്യമായി ഒറു പാക്കറ്റ് പാല്‍ ലഭിക്കും. 

സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ കീഴിലാണ് ഈ പ്രവര്‍ത്തനം. പഞ്ച്കുള നഗരത്തെ പ്ലാസ്റ്റിക്ക് മുക്തമാക്കുന്ന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വെയ്സ്റ്റ് ഏക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് വിത ബൂത്തുകള്‍ നടത്തുന്നത്. 

ഇക്കഴിഞ്ഞ നവംബര്‍ ഒന്ന് മുതല്‍ ആരംഭിച്ച പദ്ധതി വലിയ വിജയമായി മാറിയതായി അധികൃതര്‍ പറയുന്നു. ഇതുവരെയായി ഏതാണ്ട് അഞ്ച് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീ സൈക്ലിങിനായി കൈമാറിയതായും അധികൃതര്‍ വ്യക്തമാക്കി. ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com