ആരെയെങ്കിലും പുറത്താക്കുമെന്ന് പറയുന്ന ഭാഗം കാണിച്ചുതരാമോ?; പൗരത്വ നിയമഭേദഗതി മുസ്ലിം വിരുദ്ധമാണെന്ന് തെളിയിക്കാന്‍ രാഹുലിനെ വെല്ലുവിളിച്ച് അമിത് ഷാ

ദേശീയപൗത്വ നിയമഭേദഗതി മുസ്ലിം വിരുദ്ധമാണെന്ന് തെളിയിക്കാന്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 
ആരെയെങ്കിലും പുറത്താക്കുമെന്ന് പറയുന്ന ഭാഗം കാണിച്ചുതരാമോ?; പൗരത്വ നിയമഭേദഗതി മുസ്ലിം വിരുദ്ധമാണെന്ന് തെളിയിക്കാന്‍ രാഹുലിനെ വെല്ലുവിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി മുസ്ലിം വിരുദ്ധമാണെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമം ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് എന്ന് കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തുകയാണ്. ആരുടെയെങ്കിലും പൗരത്വം റദ്ദാക്കുമെന്ന് നിയമത്തിലെ ഏതെങ്കിലും ഒരു വാക്യത്തില്‍ പറയുന്നത് കാട്ടിത്തരാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്- അദ്ദേഹം പറഞ്ഞു. 

എന്‍ആര്‍സി ആയാലും എന്‍പിആര്‍ ആയാലും രാജ്യത്തെ പാവപ്പെട്ടവരെ ദ്രോഹിക്കാനുള്ള നടപടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുമ്പ്, ഇന്ത്യയും ചൈനയും ഒരേവേഗത്തില്‍ വളരുകയാണ് എന്നാണ് ലോകം പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലോകം ഇന്ത്യയില്‍ അക്രമങ്ങള്‍ മാത്രമേ കാണുന്നുള്ളു. രാജ്യത്തെ തെരുവുകളില്‍ സസ്ത്രീകള്‍ സുരക്ഷിതരല്ല, തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു- അദ്ദേഹം പറഞ്ഞു. 

അതേസമയം, രാജ്യതലസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രക്ഷോഭവുമായി രംഗത്തെത്തി. ജോര്‍ബാഗിലാണ് പ്രതിഷേധം നടക്കുന്നത്. ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ പ്രക്ഷോഭകാരികളെ പൊലീസ് തടഞ്ഞു.ജാമിയ മിലിയ, ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഡിവൈഎഫ്‌ഐയും സമര രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതാക്കളും സമരത്തിന് പിന്തുണ പ്രഖ്യാരിച്ച് രംഗത്തെത്തിയിട്ടുണ്ട്. യുപി ഭവനിലേക്കുള്ള മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരായ വിദ്യാര്‍ഥികളുടെ സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടക്കുകയാണ്. ഉത്തര്‍പ്രദേശിലെ പൊലീസ് വെടിവെയ്പ്പില്‍ ഇരുപത് പേര്‍ മരിച്ചതിന് എതിരെയാണ് യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്.

ജുമ മസ്ജിദിലെ വെള്ളിയാഴള്ച നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാന നഗരത്തിലെ വിവിധയിടങ്ങളില്‍ പൊലീസ് അധികമായി സേനാവിന്യാസം നടത്തിയിട്ടുണ്ട്. ജാമിയ നഗര്‍, ജുമാ മസ്ജിദ്, ചാണക്യപുരി എന്നിവിടങ്ങളില്‍ പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com