ഹാക്കത്തോണ്‍: സയ്യിദ് ഷൂജയ്‌ക്കെതിരെ കേസെടുത്തു

വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടു നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ അമേരിക്കന്‍ ഹാക്കര്‍ സയ്യിദ് ഷൂജയ്‌ക്കെതിരെ കേസെടുത്തു
ഹാക്കത്തോണ്‍: സയ്യിദ് ഷൂജയ്‌ക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടു നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ അമേരിക്കന്‍ ഹാക്കര്‍ സയ്യിദ് ഷൂജയ്‌ക്കെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പു കമ്മിഷന്റെ പരാതിയില്‍ ഡല്‍ഹി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

ലണ്ടനില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താമെന്നും പല തെരഞ്ഞെടുപ്പുകളിലും അതു ചെയ്തിട്ടുണ്ടെന്നും ഷൂജ വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ പരാതിയില്‍ ആവശ്യപ്പെട്ടത്. ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്താനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. 

വോട്ടിങ് തിരിമറിക്കായി പല രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്നുമാണ് അമേരിക്കന്‍ ഹാക്കര്‍ എന്നവകാശപ്പെട്ട സയിദ് ഷുജ എന്ന വെളിപ്പെടുത്തിയത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യുന്നതിന്റെ തത്സമയ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിര്‍ണായകമായ പല തെരഞ്ഞെടുപ്പുകളിലും താന്‍ തിരിമറി നടനത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 2014ല്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന വിഎസ് സമ്പത്തിനും അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്കും ഇക്കാര്യം അറിയാം. അദ്ദേഹത്തിന്റെ മരണം കൊലപാതകമാണ്. ഇക്കാര്യം വെളിപ്പെടുത്താന്‍ ഇരിക്കെയാണ് റോഡപകടത്തില്‍ മുണ്ടെ മരിച്ചത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന്‍ തിരിമറി നടത്തി.

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.തെരഞ്ഞെടുപ്പ് തിരിമറി നടത്തിയതിന് ശേഷം നിരവധി ഭീഷണികളുണ്ടായതിനെ തുടര്‍ന്നാണ് താന്‍ ഇന്ത്യ വിട്ടതും അമേരിക്കയില്‍ അഭയം തേടിയതെന്നും അദ്ദേഹം പറയുന്നു. പല സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തിയത് വോട്ടിങ് മെഷീനില്‍ തിരിമറി നടത്തിയാണെന്നുള്ള കോണ്‍ഗ്രസ് ആരോപണം ശക്തമായി നിലനില്‍ക്കെയാണ് സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ഷൂജയുടെ അവകാശവാദം തെരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നാടകമാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തുവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com