മുസ്‌ലിം ആധിപത്യത്തില്‍നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ബ്രിട്ടിഷ് രാജ്ഞി; ചരമവാര്‍ഷികം ആചരിച്ച് ഹിന്ദു സേന

ബ്രിട്ടീഷ് സേന സമത്വത്തിനാണ് ശ്രമിച്ചത്. ബ്രിട്ടീഷുകാര്‍ മഹര്‍ റെജിമെന്റ് സ്ഥാപിച്ചത് ഇതിന് ഉദാഹരണമാണ്
മുസ്‌ലിം ആധിപത്യത്തില്‍നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ബ്രിട്ടിഷ് രാജ്ഞി; ചരമവാര്‍ഷികം ആചരിച്ച് ഹിന്ദു സേന


ന്യൂഡല്‍ഹി : മുഗളന്മാരുടെ ഏകാധിപത്യത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിച്ചത് ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയെന്ന് ഹിന്ദുസേന. വിക്ടോറിയ രാജ്ഞിയുടെ 118-ാം ചരമവാര്‍ഷികത്തില്‍ ഹിന്ദുസേന ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഡല്‍ഹി ജന്തര്‍ മന്ദിറിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഇതാദ്യമായാണ് സംഘപരിവാര്‍ സംഘടന വിക്ടോറിയ രാജ്ഞിക്ക് ആദരം അര്‍പ്പിക്കുന്നത്. 

പതിനായിരക്കണക്കിന് നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന ഇന്ത്യയെ ഇന്നുകാണുന്ന തരത്തില്‍ ഏകീകരിച്ചത് 1857 ല്‍ വിക്ടോറിയ രാജ്ഞിയാണെന്ന് ഹിന്ദുസേനയുടെ വൈസ് പ്രസിഡന്റും ദേശീയ വക്താവുമായ സുര്‍ജീത് യാദവ് പറഞ്ഞു. ബ്രിട്ടീഷുകാരാണ് നമുക്ക് ഇന്നുള്ള നിയമങ്ങള്‍, റോഡുകള്‍, റെയില്‍വേ, വാര്‍ത്താവിനിമയ ശൃംഖലകള്‍, സ്‌കൂളുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ നല്‍കിയത്. 

ബ്രിട്ടീഷുകാര്‍ നമ്മുടെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചില്ല. നമ്മള്‍ ഇപ്പോഴും പിന്തുടരുന്ന നിയമങ്ങള്‍ അവര്‍ നല്‍കി. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയവര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിഷേധിച്ചു എന്നതു തന്നെ അവരുടേത് സ്വേച്ഛാധിപ്യ ഭരണമല്ലെന്നതിന് തെളിവാണെന്നും സുര്‍ജീത് യാദവ് പറഞ്ഞു.

1882 ല്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ രൂപീകരിച്ച ബ്രിട്ടീഷുകാര്‍ നമുക്ക് സ്വാതന്ത്ര്യത്തിന്റെ ആദ്യമധുരം സമ്മാനിച്ചു. ബ്രിട്ടീഷ് സേന സമത്വത്തിനാണ് ശ്രമിച്ചത്. ബ്രിട്ടീഷുകാര്‍ മഹര്‍ റെജിമെന്റ് സ്ഥാപിച്ചത് ഇതിന് ഉദാഹരണമാണ്. നേരത്തെ ബംഗാളില്‍ ഉയര്‍ന്ന ജാതിക്കാരെ മാത്രമേ സൈന്യത്തില്‍ ചേര്‍ത്തിരുന്നുള്ളൂ. ലോകത്ത് മാന്യന്മാരായ വംശം ഉണ്ടെങ്കില്‍, അത് ബ്രിട്ടീഷുകാരാണെന്നും സുര്‍ജീത് യാദവ് അഭിപ്രായപ്പെട്ടു. 

ഹിന്ദു സേന 2017 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ജന്മദിനവും ആഘോഷിച്ചിരുന്നു. 7.1 കിലോയുടെ കേക്ക് മുറിച്ചായിരുന്നു ന്യൂഡല്‍ഹിയില്‍ ആഘോഷം സംഘടിപ്പിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com