ദുബായില്‍ നിന്ന് രാഹുല്‍ നേരെ പോയത് ന്യൂയോര്‍ക്കിലേക്ക്; പ്രിയങ്കയുടെ വരവ് രഹസ്യ നീക്കത്തിനൊടുവില്‍ 

ദുബായ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രിയങ്കയെ കാണുന്നതിനായി രാഹുല്‍ ന്യൂയോര്‍ക്കിലേക്ക് പോകുന്നത്
ദുബായില്‍ നിന്ന് രാഹുല്‍ നേരെ പോയത് ന്യൂയോര്‍ക്കിലേക്ക്; പ്രിയങ്കയുടെ വരവ് രഹസ്യ നീക്കത്തിനൊടുവില്‍ 

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം വളരെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബജീവിതവുമായി ന്യൂയോര്‍ക്കില്‍ കഴിഞ്ഞിരുന്ന പ്രിയങ്കയെ രാഷ്ട്രീയത്തിലെത്തിക്കാന്‍ മുന്‍കൈയെടുത്തത് രാഹുല്‍ഗാന്ധിയാണ്. വളരെ രഹസ്യമായിട്ടാണ് പ്രിയങ്കയെ കാണാന്‍ ന്യൂയോര്‍ക്കിലേക്ക് രാഹുല്‍ എത്തിയത്. അവിടെ വെച്ച് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. 

ദുബായ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രിയങ്കയെ കാണുന്നതിനായി രാഹുല്‍ ന്യൂയോര്‍ക്കിലേക്ക് പോകുന്നത്. ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ സാന്നിധ്യം വേണ്ട സമയമാണിതെന്ന വിലയിരുത്തലിനൊടുവിലാണ് രാഹുല്‍ സഹോദരിയെ കാണാനായി പുറപ്പെട്ടത്. കഴിഞ്ഞ ആഴ്ച ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ആവുകയായിരുന്നു. 

സഹോദരനും അമ്മയ്ക്കും തന്നെ ആവശ്യമുള്ളപ്പോഴൊക്കെ ഓടിയെത്തിയിരുന്നെങ്കിലും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തോട് പ്രിയങ്ക എന്നും അകലം പാലിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ സമയമായെന്ന് രാഹുല്‍ ബോധ്യപ്പെടുത്തിയതോടെയാണ് പ്രിയങ്ക കളത്തിലിറങ്ങുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായിട്ടാണ് ചുമതല ഏല്‍ക്കുന്നത്. 

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും സുപ്രധാന രാഷ്ട്രീയ നീക്കമാണ് പ്രയങ്ക ഗാന്ധിയുടെ സജീവരാഷ്ട്രീയത്തിലേയ്ക്കുള്ള വരവ്. ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. ദേശിയ രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുള്ള സംസ്ഥാനമാണിത്. ഇവിടെ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസിന് ബിജെപിയെ മാത്രമല്ല എസ്പി- ബിഎസ്പി സഖ്യത്തേയും മറികടക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. രാഹുല്‍ സജീവരാഷ്ട്രീയത്തിലിറങ്ങി 15 വര്‍ഷം പിന്നിടുമ്പോഴാണ് പ്രിയങ്കയെത്തുന്നത്. ഫെബ്രുവരി ആദ്യവാരം പ്രിയങ്ക ചുമതലയേല്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com