മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു
മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ന്യൂഡല്‍ഹി : പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു.  88 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. 

മറവി രോഗത്തെ തുടര്‍ന്ന് ദീര്‍കാലമായി ഇദ്ദേഹം ചികില്‍സയിലായിരുന്നു. 70 കളിലെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ അമരക്കാരില്‍ പ്രധാനിയായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു അദ്ദേഹം.

ജോർജ് ഫെർണാണ്ടസ് പ്രതിരോധ മന്ത്രിയായിരിക്കെയാണ്, പൊഖ്റാൻ ആണവപരീക്ഷണവും, കാർ​ഗിൽ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ വിജയം കൈവരിക്കുന്നതും. കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെടുകയും, മന്ത്രിസ്ഥാനം രാജിവെക്കുകയുമായിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച രണ്ട് കമ്മീഷനുകളും ജോർജ് ഫെർണാണ്ടസിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. 

സമത പാര്‍ട്ടി സ്ഥാപകനായ ജോര്‍ജ് ഫെര്‍ണാണ്ടസ് നിരവധി വകുപ്പുകളില്‍ മന്ത്രിയായിരുന്നിട്ടുണ്ട്. വാര്‍ത്താവിനിമയം, റെയില്‍വേ, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1967 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ കോണ്‍ഗ്രസിന്റെ തലവനായ എസ്.കെ പാട്ടീലിനെ അട്ടിമറിച്ച് ജയന്റ് കില്ലറായിട്ടാണ് ജോര്‍ജ് ഫര്‍ണാണ്ടസ് വരവറിയിച്ചത്. 

മംഗലാപുരം സ്വദേശിയായ ജോര്‍ജ് ഫെര്‍ണാണ്ടസ് ഒമ്പത് തവണ ലോക്‌സഭാംഗമായിരുന്നിട്ടുണ്ട്.1977 ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ അംഗമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വ്യവസായ വകുപ്പു മന്ത്രിയായിരിക്കെ കോര്‍പറേറ്റു കമ്പനികളോട് ഇന്ത്യവിടാന്‍ നിര്‍ദേശിച്ച നേതാവാണ് ജോർജ് ഫെർണാണ്ടസ്.  

വിപി സിം​ഗ് മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായിരിക്കെ കൊങ്കണ്‍ റയില്‍വെ യാഥാര്‍ഥ്യമാക്കുന്നതിലും ജോർജ് ഫെർണാണ്ടസ് സുപ്രധാന പങ്കു വഹിച്ചു. 15-ആം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ചതോടെ 2010ലാണ് അദേഹം പൊതുരംഗത്ത് നിന്ന് നിഷ്ക്രമിച്ചത്. 

2009 ആഗസ്റ്റ് മുതര്‍ 2010 ജൂലൈ വരെ ജോര്‍ജ് ഫെര്‍ണാണ്ടസ് രാജ്യസഭാംഗമായും ഇരുന്നിട്ടുണ്ട്. ഇന്ത്യയുടെ മഹാന്മാരായ രാഷ്ട്രീയനേതാക്കളില്‍ ഒരാളായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസെന്ന് അനുശോചന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. പാവപ്പെട്ടവരുടെയും പാര്‍ശവല്‍ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായിരുന്നു അദ്ദേഹത്തിന്റേതെന്നും മോദി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com