മന്‍മോഹന്‍സിങിന് തമിഴ്‌നാട്ടില്‍ സീറ്റില്ല ; ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു ; വൈകോയും രാജ്യസഭയിലേക്ക്

രണ്ടെണ്ണം ഡിഎംകെ കരസ്ഥമാക്കിയപ്പോള്‍, ഒരു സീറ്റ് എംഡിഎംകെയ്ക്ക് നല്‍കി
മന്‍മോഹന്‍സിങിന് തമിഴ്‌നാട്ടില്‍ സീറ്റില്ല ; ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു ; വൈകോയും രാജ്യസഭയിലേക്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ നിന്നും ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് സീറ്റില്ല. തമിഴ്‌നാട്ടില്‍ ആറു രാജ്യസഭാ സീറ്റുകളിലാണ് ഒഴിവു വരുന്നത്. ഇതില്‍ മൂന്നെണ്ണം പ്രതിപക്ഷമായ ഡിഎംകെ സഖ്യത്തിന് ലഭിക്കും. ഇതിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഡിഎംകെ പ്രഖ്യാപിച്ചു. രണ്ടെണ്ണം ഡിഎംകെ കരസ്ഥമാക്കിയപ്പോള്‍, ഒരു സീറ്റ് എംഡിഎംകെയ്ക്ക് നല്‍കി. 

എംഡിഎംകെ നേതാവ് വൈകോ, മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രി വില്‍സണ്‍, ഡിഎംകെയുടെ ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം ഷണ്‍മുഖം എന്നിവരാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍. 

മന്‍മോഹന്‍ സിങിനായി രാജ്യസഭാ സീറ്റിന് വേണ്ടി കോണ്‍ഗ്രസ് നേതൃത്വം ആവശ്യം ഉന്നയിച്ചില്ലെന്നാണ് സൂചന. രാജസ്ഥാനില്‍ ബിജെപി നേതാവ് മരിച്ച ഒഴിവ് കണക്കിലെടുത്താണ് കോണ്‍ഗ്രസ് സീറ്റ് ചോദിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 

നേരത്തെ തമിഴ്‌നാട്ടില്‍ നിന്നും മന്‍മോഹന്‍സിങിനെ രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അസമില്‍ നിന്നുള്ള മന്‍മോഹന്‍സിംഗിന്റെ രാജ്യസഭാഗത്വ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ അസമില്‍ നിന്നും വീണ്ടും മന്‍മോഹനെ മല്‍സരിച്ച് ജയിപ്പിക്കാനുള്ള ശേഷി കോണ്‍ഗ്രസിനില്ല. മുന്‍ പ്രധാനമന്ത്രിമാര്‍ ആരും ഇല്ലാത്ത പാര്‍ലമെന്റാണ് നിലവിലുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍പ്രധാനമന്ത്രി ദേവഗൗഡയും പരാജയപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com