3.84 ലക്ഷം കിലോമീറ്റര്‍ ദൂരം, ചന്ദ്രന്റെ രഹസ്യങ്ങള്‍ തേടി വീണ്ടും ഐഎസ്ആര്‍ഒ; ചന്ദ്രയാന്‍ രണ്ട് നാളെ പുലര്‍ച്ചെ കുതിച്ചുയരും, കൗണ്ട് ഡൗണ്‍ തുടങ്ങി

ബഹിരാകാശരംഗത്ത് വീണ്ടും ചരിത്രം കുറിക്കാന്‍ ഒരുങ്ങി ഇന്ത്യ
3.84 ലക്ഷം കിലോമീറ്റര്‍ ദൂരം, ചന്ദ്രന്റെ രഹസ്യങ്ങള്‍ തേടി വീണ്ടും ഐഎസ്ആര്‍ഒ; ചന്ദ്രയാന്‍ രണ്ട് നാളെ പുലര്‍ച്ചെ കുതിച്ചുയരും, കൗണ്ട് ഡൗണ്‍ തുടങ്ങി

ഹൈദരാബാദ്: ബഹിരാകാശരംഗത്ത് വീണ്ടും ചരിത്രം കുറിക്കാന്‍ ഒരുങ്ങി ഇന്ത്യ. ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണ ദൗത്യത്തിനു തുടക്കം കുറിക്കാന്‍ 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. 

ഇന്നു രാവിലെ 6.51നാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. നാളെ പുലര്‍ച്ചെ 2.51 നു ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ പേടകം വഹിച്ചുള്ള റോക്കറ്റ് കുതിച്ചുയരും. ചരിത്ര നിമിഷത്തിനു സാക്ഷിയാകാന്‍  രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ളവര്‍ ശ്രീഹരിക്കോട്ടയില്‍ എത്തും. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാവും ഇന്ത്യ. 

ചന്ദ്രനില്‍  വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചന്ദ്രയാന്‍ ഒന്നിന് കൃത്യം പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടി ഒരിക്കല്‍ കൂടി ഇന്ത്യ പര്യവേക്ഷണത്തിനിറങ്ങുകയാണ്. 132 കോടി ജനങ്ങളുടെ പ്രാര്‍ഥനകളുമായി  ആന്ധ്രപ്രദേശിലെ സതീഷ് ധവാന്‍ സ്‌പേഷ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ട് കുതിച്ചുയരുക. 

ചന്ദ്രന്റെ കറുത്തിരുണ്ട ദക്ഷിണധ്രുവത്തിലേക്കുള്ള  മൂന്നു ലക്ഷത്തി എണ്‍പതിനായിരം കിലോമീറ്റര്‍ ദൂരം ഉപഗ്രഹങ്ങളെ വഹിക്കുന്നത് ബാഹുബലിയെന്ന പേരിലറിയപെടുന്ന ഐഎസ്ആര്‍ഒയുടെ സ്വന്തം  ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ്. 

ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം  ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാന്റിങാണ്  ചന്ദ്രയാന്‍ രണ്ടിന്റെ പ്രത്യേകത. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ലോകത്ത് ഇതിനു മുന്‍പ് സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com