കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ഓഫീസ് ജീവനക്കാരുടെശമ്പളം മുടങ്ങി; ചെലവ് ചുരുക്കാന്‍ നിര്‍ദ്ദേശം

വിവിധ സംസ്ഥാനങ്ങളിലെ കോടതികളില്‍ ആര്‍എസ്എസ് നല്‍കിയിട്ടുള്ള കേസുകളില്‍ ഹാജരാവുന്നതിനു രാഹുല്‍ഗാന്ധിക്കുമാത്രം വന്‍ സാമ്പത്തികബാധ്യതയാണുണ്ടാവുന്നത്
കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ഓഫീസ് ജീവനക്കാരുടെശമ്പളം മുടങ്ങി; ചെലവ് ചുരുക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സാമ്പത്തികപ്രതിസന്ധി. ഇതേത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ഥി യൂണിയന്‍, മഹിളാ കോണ്‍ഗ്രസ്, സേവാദള്‍ ഘടകങ്ങളോടു ചെലവുചുരുക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടു.

സേവാദള്‍ ഓഫീസിന്റെ മാസവിഹിതം രണ്ടരലക്ഷം രൂപയില്‍നിന്നു രണ്ടുലക്ഷം രൂപയായി കുറച്ചു. അടുത്തമാസംമുതല്‍ ശമ്പളത്തില്‍ 5000 രൂപയുടെവരെ കുറവുണ്ടായേക്കാമെന്ന ആശങ്കയിലാണിപ്പോള്‍ ജീവനക്കാര്‍.

എഐസിസി ഓഫീസില്‍മാത്രം നൂറ്റമ്പതോളം ജീവനക്കാരുണ്ട്. ഇതില്‍ നൂറ്റിപ്പത്തുപേര്‍ സ്ഥിരംജീവനക്കാരാണ്. ഇവരുടെ ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല. താത്കാലികക്കാരില്‍ പലര്‍ക്കും മൂന്നുമാസത്തെവരെ കുടിശ്ശികയുണ്ടെന്നാണറിയുന്നത്.

കോണ്‍ഗ്രസിന്റെ സാമൂഹികമാധ്യമ സെല്ലിലെ 20 പേര്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതിനുപിന്നാലെ രാജിവെച്ചിരുന്നു. ശമ്പളം കിട്ടുമോ എന്ന ആശങ്കയും കൂടുതല്‍പേര്‍ വേണ്ട എന്ന നേതൃത്വത്തിന്റെ നിലപാടും അതിനു കാരണമായി. നിലവില്‍ 35 പേരാണു സെല്ലിലുള്ളത്. ഇവരില്‍ ചിലര്‍ക്കു ശമ്പളം മുടങ്ങുന്നുണ്ടെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍തന്നെ പറയുന്നു. മാധ്യമവിഭാഗത്തിന്റെ അവസ്ഥയും ഇതുതന്നെ.

അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാഹുല്‍ഗാന്ധിയുടെ രാജി, കര്‍ണാടകത്തിലെയും ഗോവയിലെയും എംഎല്‍എമാരുടെ കൂറുമാറ്റം തുടങ്ങിയവ തിരിച്ചടിയായതിനു പിന്നാലെയാണ് സാമ്പത്തികപ്രതിസന്ധിയും കോണ്‍ഗ്രസിനെ അലട്ടുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ കോടതികളില്‍ ആര്‍എസ്എസ് നല്‍കിയിട്ടുള്ള കേസുകളില്‍ ഹാജരാവുന്നതിനു രാഹുല്‍ഗാന്ധിക്കുമാത്രം വന്‍ സാമ്പത്തികബാധ്യതയാണുണ്ടാവുന്നത്. കര്‍ണാടകത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ ഭരണം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട ചെലവു വേറെയും. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കുറഞ്ഞതും വരുമാനത്തില്‍ കുറവുണ്ടാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com