വിശ്വാസ വോട്ട് വ്യാഴാഴ്ച; കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവി തുലാസില്‍

കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാ ദള്‍ -കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വ്യാഴാഴ്ച നിയസഭയില്‍ വിശ്വാസ വോട്ടു തേടും
വിശ്വാസവോട്ടിന്റെ കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ/ എഎന്‍ഐ, ട്വിറ്റര്‍
വിശ്വാസവോട്ടിന്റെ കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ/ എഎന്‍ഐ, ട്വിറ്റര്‍

ബംഗളൂരു: കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാ ദള്‍ -കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വ്യാഴാഴ്ച നിയസഭയില്‍ വിശ്വാസ വോട്ടു തേടും. ഇന്നു ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് വ്യാഴാഴ്ച രാവിലെ പതിനൊന്നിന് വിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്.

പതിനാറ് എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടു തേടുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രി തന്നെയാണ് വിശ്വാസ വോട്ടു തേടുമെന്ന് പ്രഖ്യാപിച്ചത്. ഇതിനുള്ള സമയം നിശ്ചയിക്കാന്‍ കുമാരസ്വാമി സ്പീക്കറോട് അഭ്യര്‍ഥിച്ചിരുന്നു. 

ഭരണസഖ്യത്തിലെ പതിനാറ് എംഎല്‍എമാര്‍ രാജി പ്രഖ്യാപിക്കുകയും രണ്ട് സ്വതന്ത്രര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണ്. സഭയില്‍ 101 പേരുടെ പിന്തുണയാണ് ഇപ്പോള്‍ ഭരണപക്ഷത്തിനുള്ളത്. എംഎല്‍എമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടില്ലെങ്കിലും ഇവര്‍ സഭയില്‍ എത്താതെ വിട്ടുനിന്നാല്‍ ഭൂരിപക്ഷത്തിനു വേണ്ട അംഗബലം 105ലേക്കു താഴും. 105 പേരുടെ പിന്തുണ ബിജെപിക്ക് ഇപ്പോള്‍ കര്‍ണാടക നിയമസഭയിലുണ്ട്.

രാജി തീരുമാനം വൈകിപ്പിക്കുന്ന സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി നാളെ വാദം കേള്‍ക്കാനിരിക്കെയാണ്, വ്യാഴാഴ്ച വിശ്വാസ വോട്ടു തേടാനുള്ള തീരുമാനം. സുപ്രിം കോടതി വിധി എന്തു തന്നെയായിരുന്നാലും വിശ്വാസ വോട്ട് നടക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com