കര്‍ണാടക കേസിലും 'പിസി ജോര്‍ജ്' ; കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി വിമത എംഎല്‍എമാര്‍

രാജിവച്ചവര്‍ രാജിവച്ചെന്ന് സുപ്രിം കോടതിയിലും ടെലിവിഷന്‍ ചാനലുകളിലും പോയി കരഞ്ഞുപറയേണ്ടി വരികയാണ്
പിസി ജോര്‍ജ്, കുമാരസ്വാമി (ഫയല്‍)
പിസി ജോര്‍ജ്, കുമാരസ്വാമി (ഫയല്‍)

ന്യൂഡല്‍ഹി: അയോഗ്യതാ നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ രാജിയില്‍ തീരുമാനമെടുക്കുന്നതു നീട്ടിക്കൊണ്ടുപോവുന്ന കര്‍ണാടക സ്പീക്കറുടെ നടപടിയെ എതിര്‍ത്ത് വിമത എംഎല്‍എമാര്‍ സുപ്രിം കോടതിയില്‍. ഒരാള്‍ എംഎല്‍എയായി തുരടേണ്ടെന്നു സ്വയം തീരുമാനിച്ചാല്‍ എങ്ങനെയാണ് നിര്‍ബന്ധിക്കാനാവുകയെന്ന് രാജിവച്ച എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചോദിച്ചു. കേരളത്തില്‍ പിസി ജോര്‍ജിനെതിരായ അയോഗ്യതാ നോട്ടീസ് നിലനില്‍ക്കുമ്പോള്‍ രാജിവയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് റോത്തഗി ചൂണ്ടിക്കാട്ടി.

രാജിവച്ച പത്തു പേരില്‍ ഉമേഷ് ജാദവിന്റെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടുണ്ട്. അയോഗ്യതാ നോട്ടീസ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഈ നടപടി. അയോഗ്യതാ നോട്ടീസ് രാജി സ്വീകരിക്കുന്നതിനു തടസമല്ലെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് റോത്തഗി പറഞ്ഞു. അയോഗ്യതാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ രാജിയില്‍ തീരുമാനമെടുക്കാതിരിക്കാനാവില്ലെന്ന് റോത്തഗി പറഞ്ഞു.

എന്ത് അടിസ്ഥാനത്തിലാണ് എംഎല്‍എമാര്‍ക്കെതിരെ അയോഗ്യതാ നടപടിയെടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. അയോഗ്യതയ്ക്കു സാധുവായ കാരണമില്ലെന്ന് റോത്തഗി മറുപടി പറഞ്ഞു. ഫെബ്രുവരി രണ്ടിനു നല്‍കിയ അയോഗ്യതാ നോട്ടീസ് നിലനില്‍ക്കെത്തന്നെയാണ് ജൂലൈ പത്തിനു വീണ്ടും നോട്ടീസ് നല്‍കിയത്. രാജി തടസപ്പെടുത്തുകയാണ് അയോഗ്യതാ നോട്ടീസിന്റെ ലക്ഷ്യം. രാജിവച്ചാല്‍ എംഎല്‍എയ്ക്ക് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് നാളെ മന്ത്രിയാവാനാവും. അയോഗ്യത വന്നാല്‍ ഉപതെരഞ്ഞെടുപ്പു വരെ കാത്തിരിക്കണമെന്ന് റോത്തഗി വിശദീകരിച്ചു. 

ഒരാളുടെ രാജിക്ക് ഒരായിരം കാരണങ്ങളുണ്ടാവാം. ഇവിടെ സ്പീക്കര്‍ പറയുന്നത് മറ്റൊരു പാര്‍ട്ടിക്കു വേണ്ടിയാണ് എംഎല്‍എമാര്‍ രാജിവച്ചതെന്നാണ്. രാജിവച്ചവര്‍ രാജിവച്ചെന്ന് സുപ്രിം കോടതിയിലും ടെലിവിഷന്‍ ചാനലുകളിലും പോയി കരഞ്ഞുപറയേണ്ടി വരികയാണ്. സ്പീക്കറാണെങ്കിലും അതു സമ്മതിക്കുന്നുമില്ല. ഇതു പരിഹാസ്യമാണ്- റോത്തഗി വാദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com