സത്യം വിജയിച്ചു; കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കും: വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കിയ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
സത്യം വിജയിച്ചു; കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കും: വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കിയ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതിയും സത്യവും വിജയിച്ചെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. 

വസ്തുതകള്‍ പഠിച്ച ശേഷം വിധി പറഞ്ഞ കോടതിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുല്‍ഭൂഷണ്‍ ജാദവിന് ഉറപ്പായും നീതി ലഭിക്കും. എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി ഇനിയും തങ്ങളുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വധശിക്ഷ പുനഃപരിശോധിക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട കോടതി കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും വിധിച്ചു. കേസില്‍ കോടതിക്ക് ഇടപെടാനാകില്ല എന്ന പാക്കിസ്താന്റെ വാദം തള്ളിയ കോടതി നീതിപൂര്‍വമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടു.

16ജഡ്ജിമാരില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടെടുത്തു. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നായിരുന്നു വിധി പ്രഖ്യാപനം. ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് ആണ് വിധിപ്രസ്താവം വായിച്ചത്.

ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്ത കുല്‍ഭൂഷണ്‍ ജാദവിന് 2017 ഏപ്രിലിലാണ് പാകിസ്താന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 2017 മെയ് 18ന് കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരുന്നു.

കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ പാക് കോടതി നടപടികള്‍ പാലിച്ചില്ലെന്നും ഇത് അന്താരാഷ്ട്ര പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും ആയിരുന്നു ഇന്ത്യയുടെ വാദം. ശരിയായ വിചാരണ കൂടാതെയാണ് പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ശിക്ഷിച്ചതെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചിരുന്നു. മുന്‍ സോളിസിറ്റര്‍ ജനറലായ ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ ഹാജരായത്. 2019 ഫെബ്രുവരി മാസത്തില്‍ നടന്ന വാദംകേള്‍ക്കല്‍ നാലുദിവസം നീണ്ടുനിന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com