സര്‍ക്കാരുണ്ടാക്കാന്‍ മടിച്ച് ബിജെപി; കര്‍ണാടക രാഷ്ട്രപതി ഭരണത്തിലേക്ക്

സംസ്ഥാനത്ത് താല്‍ക്കാലികമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് ഗവര്‍ണര്‍ വാജുഭായ് വാല ശുപാര്‍ശ നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരുണ്ടാക്കാന്‍ മടിച്ച് ബിജെപി; കര്‍ണാടക രാഷ്ട്രപതി ഭരണത്തിലേക്ക്


ന്യൂഡല്‍ഹി: കോണ്‍ഗ്രസ്-ജനതാ ദള്‍ ഭരണം അവസാനിച്ചു രണ്ടു ദിവസമായിട്ടും ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തില്‍ കര്‍ണാടക രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങുന്നതായി സൂചന. സംസ്ഥാനത്ത് താല്‍ക്കാലികമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് ഗവര്‍ണര്‍ വാജുഭായ് വാല ശുപാര്‍ശ നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു രണ്ടു ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ബിജെപി തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം കാക്കുകയാണെന്നാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യുരപ്പ പറയുന്നത്. അതേസമയം ഭൂരിപക്ഷം ഉറപ്പാക്കാനാവുമോയെന്ന കാര്യത്തില്‍ വ്യക്തതയ്ക്കായാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം കാക്കുന്നതെന്നാണ് സൂചനകള്‍.

വിശ്വാസ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന 15 എംഎല്‍എമാരെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസും ദളും സ്പീക്കര്‍ക്കു കത്തു നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം എംഎല്‍എമാരുടെ രാജിക്കത്തും സ്പീക്കറുടെ പരിഗണനയിലുണ്ട്. ഇക്കാര്യങ്ങളില്‍ സ്പീക്കറുടെ തീരുമാനം വരുന്നതു വരെ കാക്കാനാണ് ബിജെപിയുടെ തീരുമാനമെന്നാണ് അറിയുന്നത്. ധൃതിപിടിച്ച് സര്‍ക്കാര്‍ രൂപീകരിച്ച് ഭുരിപക്ഷം തെളിയിക്കാനാവാത്ത അവസ്ഥ ഒഴിവാക്കാനാണ് ശ്രമം. രാജിക്കത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നില്ലെന്ന എംഎല്‍എമാരുടെ ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലുമുണ്ട്.

വിമത എംഎല്‍എമാരെ അയോഗ്യനാക്കാന്‍ കത്തു നല്‍കിയിട്ടുണ്ടെങ്കിലും അനുനയ നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗളൂരുവില്‍ തിരിച്ചെത്തുന്ന എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിനായാല്‍ ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമാവും. അങ്ങനെയൊരു സാഹചര്യം സംജാതമാവുന്നത് ഒഴിവാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ എംഎല്‍എമാര്‍ തിരികെപ്പോവാനുള്ള സാധ്യതയും ബിജെപി നേതൃത്വത്തിന്റെ മനസിലുണ്ടെന്ന് ബംഗളുരുവില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com