അവിശ്വാസത്തിന് കാത്തുനിന്നില്ല; കര്‍ണാടക സ്പീക്കര്‍ രാജിവച്ചു

കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ രാജിവച്ചു. ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് സ്പീക്കര്‍ രാജിവച്ചത്.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ബെംഗലൂരു: കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ രാജിവച്ചു. ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് സ്പീക്കര്‍ രാജിവച്ചത്. കോണ്‍ഗ്രസ് നേതാവായ രമേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തിന് എതിരെ അവിശ്വാസം കൊണ്ടുവരാന്‍ ബിജെപി തീരുമാനിച്ചിരുന്നു. 

106 എംഎല്‍എമാരുടെ പിന്തുണയോടെയാണ് യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചത്. ശബ്ദവോട്ടിലൂടെയാണ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചത്.

പ്രതിപക്ഷ നിരയിലുള്ളവരോട് ഉള്‍പ്പെടെ തന്നെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് യെദ്യൂരപ്പ വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിദ്ധരാമയ്യയും കുമാരസ്വാമിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ അവര്‍ പ്രതികാര രാഷ്ട്രീയമല്ല പിന്തുടര്‍ന്നത്. എന്നാല്‍ ഭരണം താറുമാറായി. അതിനെ നേരെയാക്കേണ്ടതുണ്ട്. തന്റെ സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയമായിരിക്കില്ല പിന്തുടരുകയെന്ന് ഉറപ്പു നല്‍കുന്നു. മറക്കുന്നതിലും പൊറുക്കുന്നതിലുമാണ് താന്‍ വിശ്വസിക്കുന്നതെന്ന് യെദ്യൂരപ്പ പറഞ്ഞു.

യെദ്യൂരപ്പയ്ക്കു നന്മകള്‍ നേരുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. ജനവിധി അനുസരിച്ചാണ് സര്‍ക്കാരുണ്ടാക്കുന്നതെന്ന യെദ്യൂരപ്പയുടെ വാദം അവാസ്തവമാണ്. ഭരണഘടനാ വിരുദ്ധവും അധാര്‍മികവുമായാണ് ഈ സര്‍ക്കാര്‍ നിലവില്‍ വന്നത്. യെദ്യൂരപ്പ മുഖ്യമന്ത്രിയാതൊന്നും ജനവിധി അനുസരിച്ചായിരുന്നില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. 2008ലും 2018ലും ഇപ്പോഴും ജനവിധി അദ്ദേഹത്തിന് അനുകൂലമല്ല.

വിമതരായ പതിനേഴ് എംഎല്‍എമാരെ നല്ലപോലെ നോക്കിയില്ലെങ്കില്‍ അവര്‍ യെദ്യൂരപ്പയേയും വേട്ടയാടാന്‍ തുടങ്ങുമെന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മുന്നറിയിപ്പു നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com