പേരിനെ ചൊല്ലി 'രാഹുല്‍ ഗാന്ധി' പൊല്ലാപ്പില്‍; ഊരാക്കുടുക്ക് 

സിംകാര്‍ഡ് ലഭിക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പേരിനോടുളള സാമ്യം ചൂണ്ടിക്കാണിച്ച് തന്നെ സംശയത്തോടെ നോക്കിയതായി രാഹുല്‍ ഓര്‍ക്കുന്നു
പേരിനെ ചൊല്ലി 'രാഹുല്‍ ഗാന്ധി' പൊല്ലാപ്പില്‍; ഊരാക്കുടുക്ക് 

ഭോപ്പാല്‍: ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ഗാന്ധിയെ ചുറ്റിപ്പറ്റിയുളള ചര്‍ച്ചകള്‍ ഇപ്പോഴും രാഷ്ട്രീയലോകത്ത് തുടരുകയാണ്. അതേസമയം പേരിന്റെ സാദൃശ്യംകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ഒരു മധ്യപ്രദേശുകാരനാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്. പേരിന്റെ സാദൃശ്യം കാരണം താന്‍ വ്യാജനാണ് എന്ന് പറഞ്ഞ് തനിക്ക് സേവനങ്ങള്‍ നിഷേധിക്കുന്നുവെന്ന് വസ്‌ത്രോല്‍പ്പന വ്യാപാരിയായ രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. ഇതോടെ ജീവിതം വഴിമുട്ടിയ ഈ ഇന്‍ഡോറുകാരനായ 22കാരന്‍ പേരുമാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. 

ആധാര്‍ കാര്‍ഡ് മാത്രമാണ് തനിക്ക് തിരിച്ചറിയല്‍ രേഖയായി ഉളളതെന്ന് രാഹുല്‍ പറയുന്നു. സിംകാര്‍ഡ് ലഭിക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പേരിനോടുളള സാമ്യം ചൂണ്ടിക്കാണിച്ച് തന്നെ സംശയത്തോടെ നോക്കിയതായി രാഹുല്‍ ഓര്‍ക്കുന്നു. മറ്റു കാര്യങ്ങളിലും സമാനമായ അനുഭവം നേരിട്ടതായും അദ്ദേഹം പറയുന്നു. അജ്ഞാതരോട് ഫോണില്‍ തന്നെ പരിചയപ്പെടുത്തുമ്പോഴും സമാനമായ അനുഭവമാണ് ഉണ്ടായിട്ടുളളത്. രാഹുല്‍ ഗാന്ധി എങ്ങനെയാണ് ഇന്‍ഡോറില്‍ താമസിക്കുന്നത് എന്ന് പറഞ്ഞ് തന്നെ ഒരു വ്യാജ കോളറായാണ് ഇവര്‍ ചിത്രീകരിച്ചതെന്നും രാഹുല്‍ പറയുന്നു.

അര്‍ദ്ധ സൈനിക വിഭാഗത്തില്‍ തന്റെ അച്ഛന്‍  അലക്കുകാരനായി ജോലി ചെയ്തിരുന്ന സമയത്തെ അനുഭവമാണ് തന്റെ പേരിന്റെ കാരണമെന്ന് രാഹുല്‍ പറയുന്നു. രാജേഷ് മാള്‍വിയ എന്നായിരുന്നു അച്ഛന്റെ പേര്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്‌നേഹപൂര്‍വ്വം അച്ഛനെ ഗാന്ധി എന്നാണ് വിളിച്ചിരുന്നത്. തുടര്‍ന്ന് ഈ പേരിനോട് അച്ഛന് തോന്നിയ അടുപ്പമാണ് തന്റെ പേരിന്റെ കൂടെ ഗാന്ധി കൂടി ചേര്‍ക്കാന്‍ കാരണമെന്ന് രാഹുല്‍ ഓര്‍ക്കുന്നു. സ്‌കൂള്‍ പ്രവേശനത്തിന് രാഹുല്‍ മാള്‍വിയ എന്ന് നല്‍കുന്നതിന് പകരം രാഹുല്‍ ഗാന്ധി എന്നാണ് നല്‍കിയതെന്നും ഇദ്ദേഹം പറയുന്നു. പേരുമൂലം ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ തന്റെ പേര് രാഹുല്‍ മാളവിയ എന്ന് മാറ്റാന്‍ ഒരുങ്ങുകയാണ് ഈ ചെറുപ്പക്കാരന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com