ഒരാഴ്ച മുമ്പ് ബിജെപി ജയം നേടിയ ഇടത്തെല്ലാം വന്‍ മുന്നേറ്റം ; കര്‍ണാടകയില്‍ ഇവിഎം തിരിമറിയിലേക്ക് വിരല്‍ചൂണ്ടി കോണ്‍ഗ്രസ്

തൊട്ടടുത്തുതന്നെ നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലെ ഫലം അത്ഭുതം ഉണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു
ഒരാഴ്ച മുമ്പ് ബിജെപി ജയം നേടിയ ഇടത്തെല്ലാം വന്‍ മുന്നേറ്റം ; കര്‍ണാടകയില്‍ ഇവിഎം തിരിമറിയിലേക്ക് വിരല്‍ചൂണ്ടി കോണ്‍ഗ്രസ്

ബംഗലൂരു : കര്‍ണാടക മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയെങ്കിലും വോട്ടിംഗ് മെഷീനില്‍ സംശയം ഉന്നയിച്ച് കോണ്‍ഗ്രസ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് കര്‍ണാടകയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ബഹുഭൂരിപക്ഷം കൗണ്‍സിലുകളും കോണ്‍ഗ്രസ് കരസ്ഥമാക്കി. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് രശീത് ഉപയോഗിച്ചിരുന്നില്ല. 

തൊട്ടടുത്തുതന്നെ നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലെ ഫലം അത്ഭുതം ഉണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പറഞ്ഞു. വോട്ടിംഗ് മെഷീനില്‍ പോള്‍ ചെയ്ത വോട്ടും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടും തമ്മില്‍ അന്തരമുള്ളതായി റിപ്പോര്‍ട്ടുണ്ട്. ആയിരക്കണക്കിന് വോട്ടുകളുടെ വ്യത്യാസമാണുള്ളത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെന്നും ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

ലോക്‌സഭയിലേക്ക് ഏപ്രില്‍ 18, 23 തീയതികളിലാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്തെ 61 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് മെയ് 29 നും വോട്ടെടുപ്പ് നടന്നു. ഒരു മാസത്തിനിടെ വോട്ടില്‍ ഉണ്ടായ വലിയ അന്തരത്തെക്കുറിച്ച് വിശദമായ പഠനം നടത്തിവരികയാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. 

ദക്ഷിണ കന്നഡയിലെ മൂഡബിദ്രി ടൗണ്‍ മുനിസിപ്പാലിറ്റിയില്‍ ബിജെപിക്കൊപ്പം സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിനായി. സുല്യ ടൗണ്‍ പഞ്ചായത്ത് ബിജെപി നേടിയപ്പോള്‍, മുല്‍കി ടൗണ്‍ പഞ്ചായത്ത് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ബിജെപി തരംഗം അലയടിച്ച ഇവിടെ എങ്ങനെ കോണ്‍ഗ്രസ് വിജയിച്ചു എന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് ദിനേശ് ഗുണ്ടുറാവു സൂചിപ്പിച്ചു. 

സംസ്ഥാനത്തെ 21 ജില്ലകളിലായി സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളിലെ 1221 വാര്‍ഡികളിലേക്കും, ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍, 22 ടൗണ്‍ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 11 ജില്ലകളിലും കോണ്‍ഗ്രസ് വിജയം നേടി. നാലു ജില്ലകളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. 128 വാര്‍ഡികളുള്ള, ഏറ്റവും വലിയ മുനിസിപ്പാലിറ്റിയില്‍ 75 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ബിജെപിക്ക് 31 എണ്ണം മാത്രമേ നേടാനായുള്ളൂ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com