പുരുഷന്‍മാര്‍ ജീന്‍സ് ധരിക്കുമ്പോള്‍ പ്രശ്‌നമില്ല, ഞങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകത?; വിമര്‍ശനങ്ങളോട് പ്രതികരിച്ച് തൃണമൂലിന്റെ 'താര എംപിമാര്‍'

പാര്‍ലമെന്റിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്ന തരത്തില്‍ തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപി മിമി ചക്രബര്‍ത്തി
പുരുഷന്‍മാര്‍ ജീന്‍സ് ധരിക്കുമ്പോള്‍ പ്രശ്‌നമില്ല, ഞങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകത?; വിമര്‍ശനങ്ങളോട് പ്രതികരിച്ച് തൃണമൂലിന്റെ 'താര എംപിമാര്‍'

പാര്‍ലമെന്റിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്ന തരത്തില്‍ തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപി മിമി ചക്രബര്‍ത്തി. ജീന്‍സ് ധരിച്ച് പാര്‍ലമെന്റിലെത്തിയ സിനിമ താരങ്ങള്‍ കൂടിയായ മിമിക്കും നുസ്രത് ജഹാനും നേരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മിമിയുടെ പ്രതികരണം. 

എല്ലാവരും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. എന്നാല്‍ ഇങ്ങനെ ചില കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഇവര്‍ക്കെന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ട്രോളുകളുടെ 'എബിസിഡി' എനിക്ക് മനസ്സിലാകുന്നില്ല. സഭ്യമല്ലാത്ത എന്താണ് ഞങ്ങള്‍ ചെയ്തത്?- മിമി ചോദിക്കുന്നു. 

പുരുഷന്‍മാര്‍ ജീന്‍സും ടി ഷര്‍ട്ടും ധരിക്കുമ്പോള്‍ ആര്‍ക്കും അതൊരു പ്രശ്‌നമായി തോന്നുന്നില്ല. പിന്നെ ഞങ്ങള്‍ക്ക് മാത്രം പ്രത്യേകതയെന്നും അവര്‍ ചോദിച്ചു. ട്രോളുകള്‍ക്ക് ചെവികൊടുക്കില്ലെന്നും മിമി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഴിമതി കേസുകളില്‍ പ്രതികളായ നിരവധി എംപിമാരുണ്ട്. അവര്‍ക്കെതിരെ ആരും സംസാരിക്കുന്നില്ലെന്നുംം മിമി ചൂണ്ടിക്കാട്ടി. 

പുതിയ തലമുറയിലെ വിദ്യാഭ്യാസമുള്ള ആളുകള്‍ തങ്ങളെ പിന്തുണയ്ക്കുമെന്ന് നുസ്രത് ജഹാന്‍ പറഞ്ഞു. ഞങ്ങളെപ്പോഴും ശല്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകള്‍ക്ക് ചുറ്റുമായിരിക്കും. ഇത് ഞങ്ങള്‍ക്ക് പുതുമയുള്ളതല്ല. ട്രോളുകളെ തള്ളിക്കളയുന്നുവെന്നും അവര്‍ക്കുള്ള മറുപടി പ്രവൃത്തിയിലൂടെയാണെന്നും നുസ്രത് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com