കല്‍ബുര്‍ഗി വധം : അക്രമി സംഘം സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്നയാള്‍ പിടിയില്‍ ; കേസില്‍ നിര്‍ണായക വഴിത്തിരിവ്

കര്‍ണാടക ബെലഗാവി സ്വദേശി പ്രവീണ്‍ പ്രകാശ് ചാതുര്‍ (27) എന്നയാളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്
എം എം കല്‍ബുര്‍ഗി
എം എം കല്‍ബുര്‍ഗി


ബംഗലൂരു : കന്നഡ സാഹിത്യകാരന്‍ എം എം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കര്‍ണാടക ബെലഗാവി സ്വദേശി പ്രവീണ്‍ പ്രകാശ് ചാതുര്‍ (27) എന്നയാളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. കല്‍ബുര്‍ഗിയെ കൊലപ്പെടുത്താനെത്തിയ അക്രമി സംഘത്തിന്റെ ബൈക്ക് ഓടിച്ചിരുന്നയാള്‍ പ്രവീണ്‍ ആണെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. ഇതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവിലെത്തി. 

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യസൂത്രധാരന്മാരിലൊരാളായ പ്രതി അമോല്‍ കാലെ കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഇയാളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവീണ്‍ പിടിയിലായത്. പ്രവീണിനെ അമോല്‍ കാലെ തിരിച്ചറിഞ്ഞതായി പ്രത്യേക അന്വേഷണ സംഘം സൂചിപ്പിച്ചു. 

2015 ആഗസ്റ്റ് 30 ന് ധാര്‍വാഡിലെ കല്യാണ്‍ നഗറിലെ വീട്ടില്‍വെച്ചാണ് കന്നഡ പണ്ഡിതനും എഴുത്തുകാരനുമായ എം എം കല്‍ബുര്‍ഗി വീട്ടുപടിക്കല്‍ വെച്ച് വെടിയേറ്റ് മരിക്കുന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. കേസില്‍ അന്വേഷണം മന്ദീഭവിച്ചിരിക്കുകയായിരുന്നു. 

2018 ല്‍ ഗൗരീ ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ഗണേഷ് മിസ്‌കിന്‍, ആമിര്‍ ബിഡ്ഡി എന്നിവരെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. കല്‍ബുര്‍ഗിയെ വെടിവെച്ചത് ഗണേഷാണെന്ന് പൊലീസ് കണ്ടെത്തി. ബൈക്ക് ഓടിച്ചിരുന്ന പ്രവീണിനെ പൊലീസ് തിരയുകയായിരുന്നു. ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി കൊലപാതകങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം സംശയിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com