ലോകത്തെ ചൂടേറിയ 15 സ്ഥലങ്ങളില്‍ പത്തും ഇന്ത്യന്‍ നഗരങ്ങള്‍ ; വടക്കന്‍ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച് ഉഷ്ണക്കാറ്റ്

പാകിസ്ഥാനിലെ ജാക്കോബാബാദ് ആണ് ലോകത്തിലേക്കും ചൂടേറിയ സ്ഥലം.
ലോകത്തെ ചൂടേറിയ 15 സ്ഥലങ്ങളില്‍ പത്തും ഇന്ത്യന്‍ നഗരങ്ങള്‍ ; വടക്കന്‍ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച് ഉഷ്ണക്കാറ്റ്

ന്യൂഡല്‍ഹി:  ലോകത്തെ ചൂടേറിയ 15 സ്ഥലങ്ങളുടെ പട്ടികയില്‍ പത്തും ഇന്ത്യന്‍ നഗരങ്ങളെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ചുരു(48.9), സിരി ഗംഗാനഗര്‍ (48.6) എന്നിവിടങ്ങളിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
ഉത്തര്‍പ്രദേശിലെ ബാന്‍ഡയില്‍ 47.4 ഡിഗ്രിയും ഹരിയാനയിലെ നറൗലില്‍ 47.2 ഡിഗ്രിസെല്‍ഷ്യസും വരെ താപനില ഉയര്‍ന്നതായി കണ്ടെത്തി. പ്രമുഖ കാലാവസ്ഥാ നിരീക്ഷണ സംഘമായ 'എല്‍ ദൊറാദോ വെതറാ'ണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്‌.

പാകിസ്ഥാനിലെ ജാക്കോബാബാദ് ആണ് ലോകത്തിലേക്കും ചൂടേറിയ സ്ഥലം.
ചൂടേറിയ പത്ത് നഗരങ്ങളില്‍ അഞ്ചും പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നവയാണ്.

വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും താപനില 45 ഡിഗ്രിയാണ് രേഖപ്പെടുത്തുന്നത്. ജയ്പൂര്‍, കോട്ട, ഹൈദരാബാദ്, ലക്‌നൗ എന്നിവിടങ്ങളില്‍ ഉഷ്ണക്കാറ്റ് വീശുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തണുപ്പേറിയ നൈനിത്താളിലും ഷിംലയിലും വരെ താപനില 32  ഡിഗ്രിയിലേക്കും 33 ഡിഗ്രിയിലേക്കും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലാണ് ഇത്ര വലിയ കാലാവസ്ഥാ മാറ്റം ഉണ്ടായതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ജൂണ്‍ ഒന്നിന് മസൂറിയില്‍ 38 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. 

പാകിസ്ഥാനിലെയും രാജസ്ഥാനിലെയും മരുഭൂമികളിലെ ചൂടാണ് ഉഷ്ണക്കാറ്റിനൊപ്പം വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലും ഹിമാചലിലും മഴ പെയ്തതോടെ വരും ദിവസങ്ങളില്‍ ചൂടിന് കുറവുണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ (2010-2018) 6,167 പേരുടെ ജീവനാണ് ഉഷ്ണക്കാറ്റ് കവര്‍ന്നത്. 2015 ല്‍ മാത്രം 2,081 പേര്‍ ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് കൊല്ലപ്പെട്ടുവെന്നും കണക്കുകള്‍ പറയുന്നു. തീരപ്രദേശങ്ങളിലെ താപനില പരമാവധി 37 ഡിഗ്രിയിലേക്കും പര്‍വ്വത മേഖലകളില്‍ ഇത് 30 ഡിഗ്രി വരെ എത്തിയേക്കാമെന്നുമാണ് കണക്ക്.  40 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയാലാണ് ഉഷ്ണക്കാറ്റിന് സാധ്യതയുള്ളതായി കണക്കാക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com