അഡ്വാനിയും ജോഷിയും രാജ്യസഭയില്‍ എത്തുമോ? പ്രായനിബന്ധന കര്‍ശനമാക്കാന്‍ ബിജെപി, തീരുമാനം ഈയാഴ്ച

അഡ്വാനിയും ജോഷിയും സുഷമ സ്വരാജും രാജ്യസഭയില്‍ എത്തുമോ? പ്രായനിബന്ധന കര്‍ശനമാക്കാന്‍ ബിജെപി, തീരുമാനം ഈയാഴ്ച
അഡ്വാനിയും മുരളീമനോഹര്‍ ജോഷിയും -ഫയല്‍
അഡ്വാനിയും മുരളീമനോഹര്‍ ജോഷിയും -ഫയല്‍

ന്യൂഡല്‍ഹി: പ്രായാധിക്യം മൂലം ലോക്‌സഭാ തെരഞ്ഞെടുപ്പു രംഗത്ത് ഇല്ലാതിരുന്ന മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അഡ്വാനിയെയും മുരളീമനോഹര്‍ ജോഷിയെയും രാജ്യസഭയിലേക്ക് എത്തിക്കുന്നതു സംബന്ധിച്ച് പാര്‍ട്ടി തീരുമാനം ഈയാഴ്ച. ആരോഗ്യനില മോശമായതിനെത്തുടര്‍ന്നു വിട്ടുനിന്ന സുഷമ സ്വരാജിനെ രാജ്യസഭയിലേക്കു മത്സരിപ്പിക്കുന്നതിലും പാര്‍ട്ടി തീരുമാനമെടുക്കും. അതേസമയം രാജ്യസഭയിലേക്കു മത്സരിക്കുന്നതിനും പ്രായ നിബന്ധന വയ്ക്കണമെന്ന നിര്‍ദേശത്തിന് ബിജെപിയില്‍ പിന്തുണയേറി വരുന്നതായാണ് സൂചന.

തൊണ്ണൂറ്റിയൊന്നു വയസുള്ള അഡ്വാനിയും എണ്‍പത്തിയഞ്ചുകാരനായ മുരളീമനോഹര്‍ ജോഷിയും ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പു രംഗത്തുണ്ടായിരുന്നില്ല. ഇരുവരും മത്സരത്തിനില്ലെന്ന് അറിയിച്ചതായാണ് ബിജെപി നേതാക്കള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തിന് ബിജെപി അപ്രഖ്യാപിത പ്രായ നിബന്ധന നടപ്പാക്കിയതാണെന്നും വ്യാഖാനങ്ങള്‍ വന്നു. മോദി സര്‍ക്കാരിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മന്ത്രിമാര്‍ക്ക് 75 വയസില്‍ കൂടരുതെന്ന നിബന്ധന പാര്‍ട്ടി നടപ്പാക്കിയിരുന്നു.

ലോക്‌സഭയില്‍ ഇല്ലാത്ത മുതിര്‍ന്ന നേതാക്കളെ, മുതിര്‍ന്നവരുടെ സഭ എന്ന് അറിയപ്പെടുന്ന രാജ്യസഭയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കാനിരിക്കുന്നതേയുളഌവെന്നാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്. രാജ്യസഭയിലേക്കും പ്രായ നിബന്ധന വേണമെന്ന ആവശ്യത്തിന് ശക്തിയേറി വരികയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ അഡ്വാനിയുടെയും മുരളീമനോഹര്‍ ജോഷിയുടെയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് അവസാനമായെന്ന സൂചനയാണ് ബിജെപി നേതൃത്വത്തില്‍നിന്നു ലഭിക്കുന്നത്. ഈയാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത്.

ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് സുഷമ സ്വരാജ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്നത്. 67കാരിയായ സുഷമയെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്ത രണ്ടു മാസത്തിനകം പത്ത് ഒഴിവുകളാണ് രാജ്യസഭയിലേക്കു വരുന്നത്. ഗുജറാത്തില്‍ നിന്നും അസമില്‍നിന്നും രണ്ടു വീതവും ബിഹാറില്‍നിന്ന് ഒരൊഴിവുമാണുള്ളത്. ശേഷിച്ച അഞ്ച് ഒഴിവുകള്‍ തമിഴ്‌നാട്ടില്‍നിന്നാണ്. ഗുജറാത്തില്‍നിന്നും ബിഹാറില്‍നിന്നും അസമില്‍നിന്നുമാണ് ബിജെപിക്ക് അംഗങ്ങളെ രാജ്യസഭയിലേക്കു ജയിപ്പിക്കാനാവുക. ഇരുസഭകളിലും അംഗമല്ലാതിരുന്നിട്ടും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എസ് ജയശങ്കര്‍, രാംവിലാസ് പാസ്വാന്‍ എന്നിവരെ സഭയില്‍ എത്തിക്കാനായിരിക്കും ഭരണസഖ്യം മുന്‍ഗണന നല്‍കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com