ആറുവരി പാതകളും ഇരുഭാഗത്തുമായി നാലുവരി സര്‍വീസ് റോഡുകളും; ബെംഗളൂരുവിലെ 'വൈറ്റ് ടോപ്പിംഗ്' സംവിധാനം കേരളത്തില്‍ നടപ്പാക്കാന്‍ സുധാകരന്‍

ബെംഗളുരുവില്‍ അത്യാധുനിക രീതിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന റോഡുകള്‍  സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സന്ദര്‍ശിച്ചു.
ആറുവരി പാതകളും ഇരുഭാഗത്തുമായി നാലുവരി സര്‍വീസ് റോഡുകളും; ബെംഗളൂരുവിലെ 'വൈറ്റ് ടോപ്പിംഗ്' സംവിധാനം കേരളത്തില്‍ നടപ്പാക്കാന്‍ സുധാകരന്‍

ബെംഗളൂരു: ബെംഗളുരുവില്‍ അത്യാധുനിക രീതിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന റോഡുകള്‍  സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സന്ദര്‍ശിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലും ഈ നിര്‍മ്മാണ രീതി നടപ്പാക്കാന്‍ പരിശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊപ്പം സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ബെംഗളുരു കോര്‍പ്പറേഷനിലെ 'ബൃഹദ് ബെംഗളുരു മഹാനഗര പാലികെ' എന്ന റോഡ് നിര്‍മ്മാണ രീതിയെക്കുറിച്ച് ഉദ്യോഗസ്ഥരുമായി മന്ത്രി സംസാരിച്ചു. 

വൈറ്റ് ടോപ്പിംഗ് ആണ് ഇവിടത്തെ പുതിയ പരീക്ഷണം. നഗര റോഡുകള്‍ പലേടത്തും 45 മീറ്ററുണ്ട്. 6 വരി വാഹന പാതകളും ഇരുഭാഗത്തുമായി 4 വരി സര്‍വ്വീസ് റോഡുകളുമാണുള്ളത്. പ്രധാന പാതകള്‍ക്ക് നടുവിലായി 5 മീറ്റര്‍ വീതം ഇരുഭാഗത്തും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ഒരു കിലോമീറ്റര്‍ റോഡ് വൈറ്റ് ടോപ്പിംഗ് നടത്താന്‍ 10 കോടിയോളം രൂപ ചെലവ് വരുമെന്നും റോഡ് 30 വര്‍ഷം വരെ നീണ്ടുനില്‍ക്കുമെന്നും ബംഗളുരു ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ടാര്‍ റോഡുകളുടെ മുകളില്‍ കാലിഞ്ച് കനം യന്ത്രം ഉപയോഗിച്ച് മാറ്റിയ ശേഷമാണ് വൈറ്റ് ടോപ്പിംഗ് നടത്തുന്നത്. നഗരത്തില്‍ 900 കിലോമീറ്ററോളം റോഡ് ഇങ്ങനെ ചെയ്യാനാണ് പദ്ധതിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 9000 കോടിയിലേറെയാണ് ചിലവ്. 94 കിലോമീറ്റര്‍ പൂര്‍ത്തിയായി. ഒന്നു മുതല്‍ പത്ത് കോടി വരെ വിലയുള്ള വിദേശ നിര്‍മ്മിത യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണങ്ങള്‍ നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com