'ട്രോളുകള്‍ കാരണം ജീവിക്കാനാവുന്നില്ല'; ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണം, അപേക്ഷയുമായി വിവാദ സ്വാമി കലക്ടര്‍ക്ക് മുന്നില്‍ 

'ട്രോളുകള്‍ കാരണം ജീവിക്കാനാവുന്നില്ല'; ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണം, അപേക്ഷയുമായി വിവാദ സ്വാമി കലക്ടര്‍ക്ക് മുന്നില്‍ 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ് വിജയിക്കുമെന്ന പ്രവചനം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മാഹുതിയ്ക്ക് അപേക്ഷ നല്‍കി വിവാദസ്വാമി

ഭോപ്പാല്‍: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ് വിജയിക്കുമെന്ന പ്രവചനം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മാഹുതിയ്ക്ക് അപേക്ഷ നല്‍കി വിവാദസ്വാമി. ഭോപ്പാല്‍ ലോക്‌സഭ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ് പരാജയപ്പെട്ടാല്‍ ആത്മാഹുതി ചെയ്യുമെന്ന് സ്വാമി വൈരഗ്യാനന്ദ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആത്മാഹുതി ചെയ്യാത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉന്നയിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ സ്വാമിക്കെതിരെ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെടുകയാണ്. ഇതിന് പിന്നാലെയാണ് ആത്മാഹുതി ചെയ്യാന്‍ അനുമതി തേടി സ്വാമി ഭോപ്പാല്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭോപ്പാല്‍ മണ്ഡലത്തില്‍ ദിഗ് വിജയ്‌സിങ് ബിജെപിയുടെ പ്രജ്ഞ സിങ്ങിനോടാണ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുന്‍പ് ദിഗ് വിജയ്‌സിങ്ങിന്റെ വിജയത്തിനായി സ്വാമിയുടെ കാര്‍മികത്വത്തില്‍ യജ്ഞം നടത്തിയിരുന്നു. ഇതിനിടെ മത്സരത്തില്‍ ദിഗ് വിജയ്്‌സിങ് പരാജയപ്പെട്ടാല്‍ ആത്മാഹുതി ചെയ്യുമെന്ന് താന്‍ പ്രഖ്യാപനം നടത്തിയിരുന്നതായി ഭോപ്പാല്‍ കലക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ വൈരഗ്യാനന്ദ് പറയുന്നു.

ഞായറാഴ്ച 2.11ന് സമാധിയിലേക്ക് പോകാന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വാമി അപേക്ഷ നല്‍കിയത്. ജില്ലാ ഭരണകൂടം തനിക്ക് പൂര്‍ണ സഹകരണം ഉറപ്പുനല്‍കുമെന്നും മതപരമായ വികാരങ്ങള്‍ ഉള്‍ക്കൊളളുമെന്നും പ്രതീക്ഷിക്കുന്നതായി സ്വാമി അപേക്ഷയില്‍ പറയുന്നു. എന്നാല്‍ അപേക്ഷയ്ക്ക് അനുമതി നല്‍കാന്‍ സാധിക്കില്ലെന്നും സ്വാമിയുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കാണിച്ച് ഡിഐജിക്ക് കത്ത് നല്‍കിയതായി കലക്ടര്‍ അറിയിച്ചു.

ഭോപ്പാലില്‍ 3.60 ലക്ഷം വോട്ടുകള്‍ക്കാണ് പ്രജ്ഞ സിങ്ങ് വിജയിച്ചത്. തെറ്റായ പ്രവചനം നടത്തിയ സ്വാമിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക ആക്രമണമാണ് നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com