എഴുത്തും വായനയും അറിയാതെ അഞ്ച് കോടിയിലേറെ പ്രൈമറി വിദ്യാർഥികൾ

മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികൾക്കിടയിലാണ് ഈ പ്രശ്നമെന്നാണ് നയം തയ്യാറാക്കിയ കസ്തൂരിരം​ഗൻ അധ്യക്ഷനായ കമ്മീഷന്റെ കണ്ടെത്തൽ
എഴുത്തും വായനയും അറിയാതെ അഞ്ച് കോടിയിലേറെ പ്രൈമറി വിദ്യാർഥികൾ

ന്യൂഡൽ​ഹി: രാജ്യത്ത് എഴുത്തും വായനയും അറിയാത്ത പ്രൈമറി കുട്ടികൾ അഞ്ച് കോടിയിലേറെയെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടു നയത്തിൽ പരാമർശം. മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികൾക്കിടയിലാണ് ഈ പ്രശ്നമെന്നാണ് നയം തയ്യാറാക്കിയ കസ്തൂരിരം​ഗൻ അധ്യക്ഷനായ കമ്മീഷന്റെ കണ്ടെത്തൽ. ഇത് തുടർന്നാൽ 2030ഓടെ രാജ്യത്ത് എഴുത്തും വായനയും അറിയാതെ അഞ്ചാം ക്ലാസ് പൂർത്തിയാക്കുന്നവരുടെ എണ്ണം പത്ത് കോടി പിന്നിടുമെന്നും റിപ്പോർട്ടിലുണ്ട്. 

ഇത്തരമൊരു അവസ്ഥയ്ക്ക് പല കാരണങ്ങൾ കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്ത് പ്രീ പ്രൈമറി വിദ്യാഭ്യാസം വ്യാപകമല്ല. പോഷകാഹാരക്കുറവ് മൂലം ആരോ​ഗ്യം മോശമാവുന്ന കുട്ടികളെ സ്കൂളുകളിൽ വിടാൻ രക്ഷിതാക്കൾ മടിക്കുന്നു. താത്പര്യം ഉണർത്തുന്ന പാഠ്യ പദ്ധതികളും പഠന രീതികളും രാജ്യത്തില്ല. യോ​ഗ്യതയുള്ളവരും നല്ല പരിശീലനം കിട്ടിയവരുമായ അധ്യാപകരുടെ കുറവ്. എന്നിവയാണ് പ്രശ്നത്തിന്റെ പ്രധാന കാരണമായി കണ്ടെത്തിയത്. 

പരിഹാരിക്കാനുള്ള നിർദേശങ്ങളും നയത്തിൽ കമ്മീഷൻ മുന്നോട്ടു വയ്ക്കുന്നുണ്ട്. പഠിതാക്കൾ തമ്മിലുള്ള ആശയ വിനിമയം നിർബന്ധമാക്കണം. മുതിർന്ന ക്ലാസുകളിലെ കുട്ടികൾ താഴെ ക്ലാസിലുള്ള കുട്ടികളുമായി പഠനപരമായ ആശയ വിനിമയത്തിന് സൗ​കര്യമൊരുക്കണം. മുതിർന്ന കുട്ടികൾ പഠിച്ച കാര്യങ്ങൾ താഴെ ക്ലാസിലെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ അവസരമൊരുക്കണം. വിദ​ഗ്ധ പരിശീലനം കിട്ടിയ യോ​ഗ്യതയുള്ള അധ്യാപകരെ നിയമിക്കണം. വിദ്യാ സമ്പന്നരായവരിൽ ഒരാൾ ഒരു കുട്ടിയെ എങ്കിലും എഴുത്തും വായനയും പഠിപ്പിക്കുന്നതിന് സന്നദ്ധരാകണം. മുന്ന് വയസ് മുതൽ രണ്ടാം ക്ലാസ് വരെ പ്രീമ പ്രൈമറിയായി കണക്കാക്കണം. മൂന്ന്, നാല്, അഞ്ച് ക്ലാസുകൾ പ്രൈമറിയായി കണക്കാക്കണം. പ്രീ പ്രൈമറി കഴിയുമ്പോൾ ഭാഷ പറയാനും വായിക്കാനും ശേഷി വികസിപ്പിച്ചാൽ മതിയാകുമെന്നും  കമ്മീഷൻ നിർദേശിക്കുന്നു. 

നാഷണൽ അച്ചീവ്മെന്റ് സർവേയിൽ കേരളത്തിലെ കുട്ടികൾ ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണെന്ന് കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികളിലാണ് കഴിഞ്ഞ വർഷം സർവേ നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com