ഒറ്റ രാജ്യം ഒറ്റ തെര‍‍ഞ്ഞെടുപ്പ്; പ്രതിപക്ഷവുമായി ധാരണയായില്ല; സമിതി രൂപീകരിക്കും; ഹിഡൻ അജണ്ടകളില്ലെന്ന് പ്രധാനമന്ത്രി

ലോക് സഭയ്ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനുള്ള നീക്കവുമായി ബന്ധപ്പെട്ട് സമിതി രൂപീകരിക്കാൻ ധാരണയായി
ഒറ്റ രാജ്യം ഒറ്റ തെര‍‍ഞ്ഞെടുപ്പ്; പ്രതിപക്ഷവുമായി ധാരണയായില്ല; സമിതി രൂപീകരിക്കും; ഹിഡൻ അജണ്ടകളില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക് സഭയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനുള്ള നീക്കവുമായി ബന്ധപ്പെട്ട് സമിതി രൂപീകരിക്കാന്‍ ധാരണയായി. ഒറ്റ രാജ്യം ഒറ്റ തെര!!ഞ്ഞെടുപ്പ് രാജ്യത്തിന് ?ഗുണകരമാകുന്ന നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന് ഹിഡന്‍ അജണ്ടകളില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

പ്രധാനമന്ത്രിയാണ് സമിതി രൂപീകരിക്കുകയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. 

യോഗത്തിലേക്ക് 40ഓളം പാര്‍ട്ടികളെ ക്ഷണിച്ചിരുന്നു. എന്നാല്‍ 21 പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തിനെത്തിയത്. മൂന്ന് പാര്‍ട്ടികള്‍ നിലപാടറിയിച്ചു. സിപിഎം, സിപിഐ പാര്‍ട്ടികള്‍ നീക്കത്തെ എതിര്‍ത്തില്ല. എന്നാല്‍ അത് നടപ്പിലാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ചാണ് അവര്‍ സംശയം പ്രകടിപ്പിച്ചതെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി.  

രാജ്യത്ത് എപ്പോഴും തെരഞ്ഞെടുപ്പുകള്‍ നടന്നു കൊണ്ടേയിരിക്കുന്നത് പെരുമാറ്റച്ചട്ടമനുസരിച്ച് സര്‍ക്കാരിന്റെ വികസന പദ്ധതികളെ ബാധിക്കുന്നുണ്ട് എന്നതാണ് ഇത്തരമൊരു ആശയം കേന്ദ്രം മുന്നോട്ടു വയ്ക്കാന്‍ കാരണമായി പറയുന്നത്. ഉപകരണങ്ങളും ഉദ്യോഗസ്ഥരും വിന്യസിക്കുന്നതിലെ ഭാരിച്ച ചെലവ് കുറക്കാനാവുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. 

1999ല്‍ കേന്ദ്ര നിയമ കമ്മീഷന്‍ മുന്നോട്ടുവെച്ച ഈ നിര്‍ദ്ദേശം പിന്നീടു വന്ന സര്‍ക്കാരുകള്‍ക്ക് പ്രവൃത്തിപഥത്തില്‍ കൊണ്ടു വരാനായിട്ടില്ല. ജനപ്രാതിനിധ്യ നിയമത്തിലടക്കം നിരവധി ഭരണഘടനാ ഭേദഗതികള്‍ ആവശ്യമായി വരുന്ന ഈ നീക്കം പാര്‍ലമെന്റിന്റെ ഇരു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കുകയും 50 ശതമാനം നിയമസഭകള്‍ ഇത് അംഗീകരിക്കുകയും ചെയ്‌തെങ്കിലേ പുതിയ മാറ്റം നടപ്പാക്കാനാവൂ. 

എന്നാല്‍ പറയുന്ന കാര്യങ്ങളില്‍ സര്‍ക്കാരിന് ഒട്ടും ഉദ്ദേശ ശുദ്ധിയില്ലെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശം. ഹിമാചല്‍ പ്രദേശിലെയും ഗുജറാത്തിലെയും അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു വന്നിട്ടും അങ്ങനെയല്ല സര്‍ക്കാര്‍ നടത്തിയത്. സുദീര്‍ഘമായ ഘട്ടങ്ങളിലൂടെയാണ് ഇപ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിയത്.

ശിവസേന നേതാവ് ഉദ്ധവ് താക്കറെ യോഗത്തില്‍ നിന്നും വിട്ടു നിന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നിവരാണ് എന്‍ഡിഎ ഇതര കക്ഷികളില്‍ നിന്ന് ഉപാധികളില്ലാതെ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ചത്. തെരഞ്ഞെടുപ്പു പരിഷ്‌കരണമാണ് ലക്ഷ്യമെങ്കില്‍ വോട്ടിങ് യന്ത്രത്തെ കുറിച്ചാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തേണ്ടിയിരുന്നതെന്നാണ് മായാവതി അഭിപ്രായപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com