ലക്നൗ: ബ്രിട്ടണ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ റാപ്പ് മ്യൂസിക്ക് ഗായിക ഹാര്‍ഡ് കൗറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിനാണ് നടപടി.
ശശാങ്ക് ശേഖര്‍ എന്ന അഭിഭാഷകന് നല്കിയ പരാതിയിലാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബലാത്സംഗം ചെയ്യുന്ന ആള് എന്ന അര്‍ത്ഥമുളള റേപ്പ്മാന് എന്ന് വിളിച്ച് ഹാര്‍ഡ് കൗര്‍ സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടത് വിവാദമായിരുന്നു. പുല്‍വാമ ഉള്‍പ്പെടെ വിവിധ ഭീകരാക്രമണങ്ങളുടെ പേരില്‍ മോഹന്‍ ഭഗവതിനെയും ഹാര്‍ഡ് കൗര്‍ വിമര്‍ശിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കണിച്ചാണ് ശശാങ്ക് ശേഖര്‍ പരാതി നല്‍കിയത്.
രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ എന്നത് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഹാര്‍ഡ് കൗറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. അപകീര്‍ത്തി, സമുദായ സ്പര്‍ദ്ധ വളര്ത്താന്ശ്രമിച്ചു തുടങ്ങിയവയാണ് ഹാര്‍ഡ് കൗറിനെതിരെ ചുമത്തിയിരിക്കുന്ന മറ്റുവകുപ്പുകള്‍.
കൂടുതല്‍ അന്വേഷണത്തിന് കേസ് സൈബര്‍ സെല്ലിന് കൈമാറിയതായി ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു. ഗ്ലാസി, മൂവ് യുവര്‍ ബോഡി തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയത് ഹാര്‍ഡ് കൗറാണ്. ഫ്യൂച്ചര്‍ റെക്കോര്‍ഡ്സ് എന്ന മ്യൂസിക്ക് ലേബല്‍ ഇവരുടെ പേരിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ