പവര്‍കട്ടിന് കാരണം വവ്വാലുകള്‍; വിചിത്രമായ വിശദീകരണവുമായി കമല്‍നാഥ് സര്‍ക്കാര്‍

മധ്യപ്രദേശില്‍ വൈദ്യുതി തകരാറില്‍ ജനം വലയുന്നതിനിടെ, അധികൃതര്‍ക്ക് ഇടയില്‍ വവ്വാലുകളെ ചൊല്ലി തര്‍ക്കം
പവര്‍കട്ടിന് കാരണം വവ്വാലുകള്‍; വിചിത്രമായ വിശദീകരണവുമായി കമല്‍നാഥ് സര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ വൈദ്യുതി തകരാറില്‍ ജനം വലയുന്നതിനിടെ, അധികൃതര്‍ക്ക് ഇടയില്‍ വവ്വാലുകളെ ചൊല്ലി തര്‍ക്കം. സംസ്ഥാനത്ത് തുടര്‍ച്ചയായുളള പവര്‍കട്ടിന് കാരണം വവ്വാലുകളാണെന്ന് സംസ്ഥാന വൈദ്യുതി കമ്പനി വാദിക്കുന്നു. എന്നാല്‍ വവ്വാലുകളല്ല, ട്രാന്‍സ്‌ഫോര്‍മറുകളുടെ ഓവര്‍ ലോഡാണ് ഇതിന് കാരണമെന്ന് പറഞ്ഞ് സംസ്ഥാന ഊര്‍ജ്ജ മന്ത്രി കമ്പനിയുടെ വാദം തളളി. 

മധ്യപ്രദേശില്‍ തുടര്‍ച്ചയായുളള പവര്‍കട്ടില്‍ ജനം വലയുകയാണ്. കടുത്ത ചൂടും ദുരിതം ഇരട്ടിയാക്കിയെന്ന് ജനം പറയുന്നു. ഇതിനിടെയാണ് വ്യത്യസ്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയത് വഴി അധികൃതര്‍ തമ്മിലുളള അഭിപ്രായഭിന്നതയും പരസ്യമായത്. 

വവ്വാലുകളാണ് നിരന്തരമുളള പവര്‍കട്ടിന് കാരണമെന്നാണ് സംസ്ഥാന വൈദ്യുതി കമ്പനി വാദിക്കുന്നത്. തലസ്ഥാനമായ ഭോപ്പാല്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ വവ്വാലുകള്‍ വിതരണ ശൃംഖലയില്‍ കേടുപാടുകള്‍ വരുത്തുന്നതായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വൈദ്യുതി കമ്പികളില്‍ വവ്വാലുകള്‍ തൂങ്ങികിടക്കുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകുന്നു. ഇതാണ് അത്യധികമായി പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും കമ്പനി അധികൃതര്‍ വാദിക്കുന്നു. 

എന്നാല്‍ കമ്പനിയുടെയും സര്‍ക്കാരിന്റെയും നിലപാടിനെ തളളുന്നതാണ് സംസ്ഥാന ഊര്‍ജ മന്ത്രിയുടെ പ്രസ്താവന. ട്രാന്‍സ്‌ഫോര്‍മറുകളുടെ ഓവര്‍ലോഡാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. വൈദ്യുതി വിതരണ ലൈനുകള്‍ ഉടന്‍ പുനഃസ്ഥാപിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി കമല്‍നാഥ് സര്‍ക്കാരും മുഖ്യ പ്രതിപക്ഷമായ ബിജെപിയുമായുളള വാദപ്രതിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ പറയുന്നത് ഒഴിവാക്കി ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ബിജെപി ആവശ്യപ്പെടുന്നു. എന്നാല്‍ മധ്യപ്രദേശില്‍ അത്തരത്തിലുളള ഒരു പ്രതിസന്ധിയുമില്ലെന്നും വൈദ്യുതി മിച്ച സംസ്ഥാനമാണ് മധ്യപ്രദേശെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com