പിടിവാശി തോല്‍വിയ്ക്ക് കാരണമായി; പിസി ചാക്കോയ്ക്ക് എതിരെ കോണ്‍ഗ്രസില്‍ പടനീക്കം, എഐസിസിയ്ക്ക് കത്ത്

ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോയ്ക്ക് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം.
പിടിവാശി തോല്‍വിയ്ക്ക് കാരണമായി; പിസി ചാക്കോയ്ക്ക് എതിരെ കോണ്‍ഗ്രസില്‍ പടനീക്കം, എഐസിസിയ്ക്ക് കത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോയ്ക്ക് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. ചാക്കോയെ ഡല്‍ഹിയുടെ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ എഐസിസിക്ക് കത്തെഴുതി. സംസ്ഥാനത്ത് വിവിധ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ചാക്കോയ്‌ക്കെതിരായ നീക്കം. ഡല്‍ഹി പിസിസിയുടെ എന്‍ആര്‍ഐ സെല്‍ ചെയര്‍മാന്‍ രോഹിത്മാന്‍ചന്ദയുടെ നേതൃത്വത്തിലാണ്  എഐസിസിക്ക് കത്ത് നല്‍കിയിരിക്കുന്നത്. 

പിസി ചാക്കോ ചുമതലയേറ്റ ശേഷം നടന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വന്‍ പരാജയമേറ്റുവാങ്ങിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ചാക്കോയ്‌ക്കെതിരായ പടനീക്കം ശക്തമാകുന്നത്. ബിജെപിക്കെതിരെ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമാകാമെന്ന് അവസാന നിമിഷം വരെ ചാക്കോ വാശിപിടിച്ചത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും  കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ഒരാശയവും  ചാക്കോ മുന്‍പോട്ട് വയ്ക്കുന്നില്ലെന്നും എതിര്‍പക്ഷം കത്തില്‍ ആരോപിക്കുന്നു. 

അതേസമയം, സ്ഥാനമോഹികളായ ചിലരാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് പിസി ചാക്കോയുടെ പ്രതികരണം. ഷീല ദീക്ഷിതിനെ അനുകൂലിക്കുന്ന വിഭാഗമാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് ചാക്കോ ആരോപിക്കുന്നത്. കത്തിനോട് ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015 ലാണ്  പിസി ചാക്കോ ദില്ലിയുടെ ചുമതലയേല്‍ക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് കൂടി അടുത്ത് വരുന്ന സാഹചര്യത്തിലാണ് ചാക്കോയെ പുറത്താക്കണമെന്ന ആവശ്യം ദില്ലി കോണ്‍ഗ്രസിലുയരുന്നത് എന്നതും ശ്രദ്ധേയമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com