ക്രിക്കറ്റ് കളിക്കാരന്റെ വിരലിനെക്കുറിച്ച് ആശങ്കപ്പെട്ട പ്രധാനമന്ത്രി നിരപരാധിയായ ഒരു ഇന്ത്യക്കാരനെ തല്ലിക്കൊന്നപ്പോള്‍ മിണ്ടാത്തതെന്തേ?: യെച്ചൂരി

ഏഴ് മണിക്കൂര്‍ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് മുസ്‌ലിം യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി 
ക്രിക്കറ്റ് കളിക്കാരന്റെ വിരലിനെക്കുറിച്ച് ആശങ്കപ്പെട്ട പ്രധാനമന്ത്രി നിരപരാധിയായ ഒരു ഇന്ത്യക്കാരനെ തല്ലിക്കൊന്നപ്പോള്‍ മിണ്ടാത്തതെന്തേ?: യെച്ചൂരി

ന്യൂഡല്‍ഹി: ഏഴ് മണിക്കൂര്‍ ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് മുസ്‌ലിം യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു ക്രിക്കറ്റ് കളിക്കാരന്റെ വിരലിന് പരിക്കേറ്റപ്പോള്‍ ആശങ്കയറിയിച്ച പ്രധാനമന്ത്രി, ഒരു നിരപരാധിയായ ഇന്ത്യക്കാരന്‍ ഹിന്ദുത്വ ഭീകരരാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കൊല്ലപ്പെട്ടപ്പോള്‍ മിണ്ടിയോ എന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ഈ മൗനം സര്‍ക്കാരിന്റെ തനിനിറമാണ് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജാര്‍ഖണ്ഡില്‍ ബൈക്ക് മോഷ്ടിച്ചു എന്നാരോപിച്ചാണ് 24 വയസ്സുകാരനായ ഷാംസ് തബ്രേസിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നത്. തബ്രേസിനെ തൂണില്‍ കെട്ടിയിട്ട ശേഷം ഏഴു മണിക്കൂറോളം മര്‍ദിച്ച് അവശനാക്കുകയായിരുന്നു. 'ജയ് ശ്രീറാം,ജയ് ഹനുമാന്‍' എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

ചൊവ്വാഴ്ച ജംഷഡ്പൂരില്‍ നിന്നും സെരായ്‌കേലയിലേക്ക് രണ്ട് സുഹൃത്തുക്കളുമൊത്ത് വരുമ്പോഴായിരുന്നു സംഭവം. ഗ്രാമത്തില്‍ നിന്നും കാണാതായ ബൈക്ക് മോഷ്ടിച്ചത് തബ്രേസും സുഹൃത്തുക്കളുമാണെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമിക്കാന്‍ തുടങ്ങിയത്. തബ്രേസിന്റെ കൂട്ടുകാര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയൊളിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതനായ യുവാവിനെ ബുധനാഴ്ച രാവിലെയോടെ ആള്‍ക്കൂട്ടം പൊലീസില്‍ കൈമാറുകയായിരുന്നു. . 

സ്‌റ്റേഷനില്‍ എത്തിയ ശേഷം പൊലീസും തബ്രേസിനെ മര്‍ദ്ദിച്ചുവെന്നും ലാത്തിയടിയേറ്റ പാടുകള്‍ തബ്രേസിന്റെ ശരീരത്തില്‍ ഉണ്ടെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. തബ്രേസിനെ കുറിച്ച് അന്വേഷിക്കാന്‍ ചെന്ന കുടുംബാംഗത്തോട് ' കള്ളന് വേണ്ടി സംസാരിക്കാന്‍ നിന്നാല്‍ ജയിലില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും കാണാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സദര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തബ്രേസിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആള്‍ക്കൂട്ട ആക്രമണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പപ്പു മാന്‍ഡല്‍ എന്നയാളെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com