കോടീശ്വരന്റെ വിവാഹ ചടങ്ങിന് പിന്നാലെ ഹിമാലയത്തില്‍ മാലിന്യകൂമ്പാരം; അതും കോടതി നിരീക്ഷണത്തില്‍ നടന്ന വിവാഹത്തില്‍

വിവാഹ ചടങ്ങ് നടന്നിടത്ത് നിന്നും ഒരു ദിവസം മാത്രം നീക്കിയത് കാല്‍ ലക്ഷം കിലോ വരുന്ന മാലിന്യങ്ങള്‍
കോടീശ്വരന്റെ വിവാഹ ചടങ്ങിന് പിന്നാലെ ഹിമാലയത്തില്‍ മാലിന്യകൂമ്പാരം; അതും കോടതി നിരീക്ഷണത്തില്‍ നടന്ന വിവാഹത്തില്‍

ഔലി: 200 കോടി രൂപ ചെലവിട്ട വിവാഹം. വേദിയായത് ഹിമാലയന്‍ വിനോദസഞ്ചാര കേന്ദ്രമായ ഉത്തരാഖണ്ഡിലെ ഔലി. വിവാഹത്തിനായി പൊടിപൊടിച്ച പണമോ, ആഡംബരമോ അല്ല ഇവിടെ വിഷയം. ഈ വിവാഹത്തിലൂടെ ഇവിടെ വന്നുവീണ മാലിന്യങ്ങള്‍ നീക്കാന്‍ ഒരു മാസം വേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്. 

വിവാഹ ചടങ്ങ് നടന്നിടത്ത് നിന്നും ഒരു ദിവസം മാത്രം നീക്കിയത് കാല്‍ ലക്ഷം കിലോ വരുന്ന മാലിന്യങ്ങള്‍. നൈനിറ്റാള്‍ ഹൈക്കോടതിയുടെ തന്നെ കര്‍ശന നിരീക്ഷണത്തിലായിരുന്നു വിവാഹം. 150 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. എന്നാലിപ്പോള്‍ വിവാഹത്തിന് പിന്നാലെ നിരത്തുകളില്‍ പോലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. 

സൗത്ത് ആഫ്രിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അജയ് ഗുപ്തയുടേയും അതുല്‍ ഗുപ്തയുടേയും മക്കളുടെ വിവാഹമായിരുന്നു നടന്നത്. ജൂണ്‍ 18 മുതല്‍ 22 വരെയായിരുന്നു വിവാഹ ചടങ്ങുകള്‍. കത്രിന കൈഫ് ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ വിവാഹത്തിനെത്തിയിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്, യോഗ ഗുരു ബാബാ രാംദേവ് എന്നിങ്ങനെ പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തു. 

വനം വകുപ്പ്, പരിസ്ഥിതി വകുപ്പ്, ജില്ലാ അധികൃതര്‍ എന്നിവരുള്‍പ്പെട്ട 13 അംഗ നിരീക്ഷണ സമിതിയേയും കോടതി നിയോഗിച്ചിരുന്നു. മൂന്ന് കോടി രൂപ ചമോലി ജില്ലാ അധികൃതര്‍ക്ക് മുന്‍പാകെ കുടുംബം കെട്ടിവയ്ക്കുകയും ചെയ്തു. പ്രളയം നാശം വിതച്ച ഇവിടെ ഇത്രയും വലിയ ചടങ്ങ് നടത്തുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചേക്കുമെന്ന പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തതോടെയാണ് കോടതി നിരീക്ഷണം വന്നത്. എന്നിട്ടും രണ്ട് ദിവസം കൊണ്ട് ഇവിടെ നിന്ന് ശേഖരിച്ചത് 220 ക്വിന്റല്‍ മാലിന്യങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com