ലുധിയാന ജയിലില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി; ഒരാൾ മരിച്ചു; ജയിൽ തകർത്ത് രക്ഷപ്പെടാൻ ശ്രമം

പഞ്ചാബിലെ ലുധിയാന സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു
ലുധിയാന ജയിലില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി; ഒരാൾ മരിച്ചു; ജയിൽ തകർത്ത് രക്ഷപ്പെടാൻ ശ്രമം

ലുധിയാന: പഞ്ചാബിലെ ലുധിയാന സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. സംഘർഷത്തിൽ 35 പേര്‍ക്ക് പരിക്കേറ്റു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ക്കാണ് ഏറ്റുമുട്ടലിനിടെ പരിക്കേറ്റത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിന് വെടിവെക്കേണ്ടിവന്നതായി വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ടു ചെയ്തു. 

മയക്കുമരുന്ന് കേസില്‍ വിചാരണ നേരിടുന്ന സണ്ണി സൂദ് എന്നയാള്‍ പട്യാലയിലെ ആശുപത്രിയില്‍ മരിച്ചതിന് പിന്നാലെയാണ് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. സീദിനെ പൊലീസ് വധിച്ചതാണെന്ന് ആരോപിച്ച് ഗുണ്ടാ സംഘം ജയിലില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്നുണ്ടായ കല്ലേറില്‍ എസിപി അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ജയിലിലെ അടുക്കളയുടെ ഒരുഭാഗവും ജയില്‍ സൂപ്രണ്ടിന്റെ വാഹനവും ഗുണ്ടകള്‍ പാചകവാതകം തുറന്നുവിട്ട ശേഷം കത്തിച്ചു. ജയിലിന്റെ പ്രധാന കവാടം തകര്‍ത്ത് രക്ഷപ്പെടാനും 300ഓളം പേര്‍ ചേര്‍ന്ന് ശ്രമിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

വന്‍ പൊലീസ് സംഘം ജയിലില്‍ എത്തിയ ശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായത്. തടവുകാരെയെല്ലാം അവരുടെ സെല്ലുകളില്‍ അടയ്ക്കാന്‍ കഴിഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് നൽകാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com