അധ്യക്ഷപദത്തിലേക്കു വീണ്ടും സോണിയ? കോണ്‍ഗ്രസില്‍ പുതിയ നേതൃചര്‍ച്ചകള്‍, സോണിയ വിസമ്മതിച്ചാല്‍ പ്രസിഡന്റ് ദക്ഷിണേന്ത്യയില്‍നിന്ന്

സോണിയ തയാറാവാത്ത പക്ഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കു സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്
സോണിയ, രാഹുല്‍ (ഫയല്‍ ചിത്രം)
സോണിയ, രാഹുല്‍ (ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സോണിയാ ഗാന്ധിയെ തിരിച്ചെത്തിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച. സ്ഥാനമൊഴിയുകയാണെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ വഴിക്കു ചര്‍ച്ചകള്‍ നീങ്ങുന്നത്. എന്നാല്‍ സോണിയ ഇതിനോടു പ്രതികരണം അറിയിച്ചിട്ടില്ല.

രാഹുലിനു പകരക്കാരനെ കണ്ടെത്താനുള്ള നേതാക്കളുടെ ശ്രമങ്ങള്‍ ഇതുവരെ എവിടെയും എത്തിയിട്ടില്ല. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന രാഹുലിന്റെ നിര്‍ദേശത്തിന്റെ  കാലാവധി അവസാനിച്ചെങ്കിലും നേതാക്കള്‍ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണുള്ളത്. നെഹ്‌റു കുടുംബത്തിനു പുറത്തുള്ള ഒരു പ്രസിഡന്റ് എന്നത് തല്‍ക്കാലത്തേക്കെങ്കിലും ചിന്തിക്കാനാവാത്ത കാര്യമാണെന്ന് നേതാക്കള്‍ രഹസ്യമായും പരസ്യമായും സമ്മതിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ചര്‍ച്ച സോണിയയിലേക്കു കേന്ദ്രീകരിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് സോണിയ പാര്‍ട്ടി നേതൃത്വം രാഹുലിന് കൈമാറിയത്. ഏറെക്കാലം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അധ്യക്ഷപദം ഏറ്റെടുക്കാന്‍ രാഹുല്‍ തയാറായത്. അധ്യക്ഷപദത്തില്‍ എത്തിയ ശേഷം പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കാനായെങ്കിലും തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതവും കനത്തതുമായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ നേതൃത്വം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്.

അധ്യക്ഷപദം ഒഴിഞ്ഞാലും പാര്‍ട്ടിയില്‍ സജീവമായി ഉണ്ടാവുമെന്ന് രാഹുല്‍ നേതാക്കളോടു വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പിന്‍ഗാമിയെ കണ്ടെത്താന്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി നിലനിര്‍ത്താനും മുന്നോട്ടു നയിക്കാനും പ്രാപ്തിയുള്ള, ഏവര്‍ക്കും സ്വീകാര്യനായ ഒരാളെ കണ്ടെത്താനായില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് ഒരാള്‍ അധ്യക്ഷപദത്തില്‍ എത്തിയാല്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാവുമെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നുണ്ട്. സീതാറാം കേസരി അധ്യക്ഷനായിരുന്ന കാലത്തെ കോണ്‍ഗ്രസിന്റെ അവസ്ഥയാണ് അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം സോണിയയെ വീണ്ടും നേതൃത്വത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണുമോയെന്നതില്‍ നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാളെ നേതൃത്വത്തിലേക്കു കൊണ്ടുവരണം എന്ന നിര്‍ദേശം മുന്നോട്ടുവച്ചാണ് രാഹുല്‍ രാജി പ്രഖ്യാപനം നടത്തിയത്. അതുകൊണ്ടുതന്നെ സോണിയ തങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങുമോയെന്ന സംശയമാണ് നേതാക്കള്‍ക്കുള്ളത്. എന്തായാലും ഈ വഴിക്കുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ പുരോഗമിക്കുകയാണ്.

സോണിയ തയാറാവാത്ത പക്ഷം ദക്ഷിണേന്ത്യയില്‍നിന്ന് ഒരാള്‍ അധ്യക്ഷപദത്തില്‍ എത്താനുള്ള സാധ്യത നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കു സാധ്യതയുണ്ടെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയെയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെയും അധ്യക്ഷപദം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍ സമീപിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. രാഹുല്‍ തുടരും എന്ന പ്രതീക്ഷയില്‍ ഇവര്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com