അഭിനന്ദന്റെ മാതാപിതാക്കള്‍ക്ക് വിമാനത്തില്‍ കരഘോഷത്തോടെ വരവേല്‍പ്പ് (വിഡിയോ) 

വിമാനത്തില്‍ പ്രവേശിച്ച ഇന്ത്യയുടെ ധീരപുത്രന്റെ മാതാപിതാക്കളെ കരഘോഷങ്ങളോടെയാണ് സഹയാത്രികര്‍ എതിരേറ്റത്
അഭിനന്ദന്റെ മാതാപിതാക്കള്‍ക്ക് വിമാനത്തില്‍ കരഘോഷത്തോടെ വരവേല്‍പ്പ് (വിഡിയോ) 

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ മോചിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്രതിരിക്കുകയായിരുന്നു അഭനന്ദന്റെ മാതാപിതാക്കള്‍. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗ്ഗമാണ് ഇവര്‍ തലസ്ഥാനത്തേക്ക് പുറപ്പെട്ടത്. അഭിനന്ദന്റെ അച്ഛന്‍ എസ് വര്‍ദ്ധമാനും അമ്മ ഡോ ശോഭയുമാണ് മകന്‍ തിരിച്ചെത്തുന്നത് കാണാന്‍ രാത്രി പത്ത് മണിക്കുള്ള വിമാനത്തിന്‍ ഡല്‍ഹിയിലേക്ക് യാത്രതിരിച്ചത്. 

വിമാനത്തില്‍ പ്രവേശിച്ച ഇന്ത്യയുടെ ധീരപുത്രന്റെ മാതാപിതാക്കളെ കരഘോഷങ്ങളോടെയാണ് സഹയാത്രികര്‍ എതിരേറ്റത്. ഇരുവരെയും കണ്ടതോടെ എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്യുകയായിരുന്നു യാത്രക്കാര്‍. ഇരുവരും വിമാനത്തില്‍ പ്രവേശിച്ച് സീറ്റുകളിലേക്ക് എത്തുന്നതുവരെ സഹയാത്രികര്‍ ആര്‍പ്പുവിളിയും കൈയ്യടികളും തുടര്‍ന്നു. 

പുലര്‍ച്ചെ ഒരുമണിയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്. ഇവിടെ നിന്ന് വാഗാ അതിര്‍ത്തിയിലേക്കാണ് ഇവര്‍ പോയത്. അവിടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം അവര്‍ മകനെ സ്വീകരിക്കും. ലാഹോറിലെത്തിക്കുന്ന അഭിനന്ദനെ റെഡ്ക്രോസിന് പാക് സൈന്യം കൈമാറും. അവിടെ വെച്ച് റെഡ്ക്രോസ്  വൈദ്യപരിശോധനകൾ നടത്തും. ഇതിനുശേഷമാകും വാ​ഗയിലേക്ക് കൊണ്ടുവരിക. 

മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറുക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചത്.  അഭിനന്ദനെ മുന്നില്‍ നിര്‍ത്തി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചയ്ക്ക് ഒരുവിധ സാധ്യതയുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 

പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ടെലഫോണ്‍ സംഭാഷണത്തിന് ഇമ്രാന്‍ ഖാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. എന്നാല്‍ അഭിനന്ദനെ വിട്ടുനല്‍കാതെ യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് ഇന്ത്യ നിലപാട് സ്വീകരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com