പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദന്റെ വെളിപ്പെടുത്തല്‍

പാക് സൈന്യത്തില്‍ നിന്ന് മാനസിക പീഡനം നേരിട്ടെന്ന് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ വെളിപ്പെടുത്തല്‍
പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പാക് സൈന്യത്തില്‍ നിന്ന് മാനസിക പീഡനം നേരിട്ടെന്ന് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ വെളിപ്പെടുത്തല്‍. പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന്‍ ഇന്ത്യന്‍ വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് എഎന്‍ഐ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 

മിഗ് വിമാനം തകര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലായ  അഭിനന്ദന്‍ വര്‍ത്തമാന്‍ കഴിഞ്ഞദിവസമാണ് ഇന്ത്യയില്‍ തിരികെയെത്തിയത്. അറുപത് മണിക്കൂറോളം പാക് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിച്ചു. പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയനായ അഭിനന്ദനെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ അഭിനന്ദന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച നിര്‍മ്മല സീതാരാമന്‍ അഭിനന്ദന്റെ ധീരതയിലും നിശ്ചയദാര്‍ഢ്യത്തിലും രാജ്യം മുഴുവന്‍ അഭിമാനിക്കുന്നതായി വ്യക്തമാക്കി.പാകിസ്ഥാന്റെ കസ്റ്റഡിയിലുണ്ടായിരുന്ന സമയത്തെ കാര്യങ്ങള്‍ അഭിനന്ദന്‍ പ്രതിരോധമന്ത്രിയോട് വിശദീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ, വ്യോമസേന മേധാവി ബി.എസ്. ധനോവയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യോമസേന മേധാവിയുമായുള്ള കൂടിക്കാഴ്ചയില്‍ പാക് കസ്റ്റഡിയിലുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഡല്‍ഹിയില്‍ തുടരുന്ന അഭിനന്ദന്‍ എയര്‍ഫോഴ്‌സ് ഓഫീസേഴ്‌സ് മെസ്സിലായിരിക്കും തങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com