അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരിക്ക്, ശരീരത്തില്‍ രഹസ്യം ചോര്‍ത്താന്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടില്ല; സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്ത് 

പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്ന് മാനസിക പീഡനമേറ്റതായുളള വെളിപ്പെടുത്തലിന് പിന്നാലെ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റതായി റിപ്പോര്‍ട്ട്
അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരിക്ക്, ശരീരത്തില്‍ രഹസ്യം ചോര്‍ത്താന്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടില്ല; സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്ത് 

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്ന് മാനസിക പീഡനമേറ്റതായുളള വെളിപ്പെടുത്തലിന് പിന്നാലെ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റതായി റിപ്പോര്‍ട്ട്. പാക് അധീന കശ്മീരിലെ ഗ്രാമവാസികളുടെ ആക്രമണത്തില്‍ അഭിനന്ദന്റെ വാരിയെല്ലിന് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.എംആര്‍ഐ സ്‌കാനില്‍ അഭിനന്ദന്റെ ശരീരത്തില്‍ രഹസ്യഉപകരണങ്ങള്‍ ഒന്നും ഘടിപ്പിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന അഭിനന്ദന്‍ കഴിഞ്ഞദിവസമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇദ്ദേഹം ഇപ്പോള്‍ മെഡിക്കല്‍ പരിശോധനകള്‍ക്കും കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സമയത്തെ വിവരങ്ങള്‍ ചോദിച്ചറിയുന്ന ഡീബ്രീഫിങ്ങിനും വിധേയനായി വരികയാണ്. ഇതിനിടെ എംആര്‍ഐ സ്‌കാനിലാണ് അഭിനന്ദന്റെ വാരിയെല്ലിനു നട്ടെല്ലിനും ചെറിയ പരിക്കുളളതായി കണ്ടെത്തിയത്. 

പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം പിന്തുടരുന്നതിനിടെ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 പാകിസ്ഥാന്‍ വെടിവെച്ചിട്ടിരുന്നു. ഇതിനിടെ പാക് സേനയുടെ ആക്രമണത്തെ തുടര്‍ന്ന് പാരച്യൂട്ടില്‍ ചാടിയ അഭിനന്ദന്‍ പാക് അധീന കശ്മീരില്‍ എത്തിച്ചേരുകയായിരുന്നു. നാട്ടുകാരുടെ ആക്രമണത്തിലാണ് അഭിനന്ദന്റെ വാരിയെല്ലിന് പരിക്കേറ്റത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മിഗ് 21ല്‍ നിന്ന് പാരച്യൂട്ടില്‍ ചാടിയപ്പോള്‍ ആകാം നട്ടെല്ലിന് പരിക്കേറ്റതെന്നും സ്‌കാനിങ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹം ഇപ്പോള്‍ കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനായി വരികയാണ്.

കഴിഞ്ഞദിവസം പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്ന് മാനസിക പീഡനം നേരിട്ടെന്ന് അഭിനന്ദന്‍ വര്‍ത്തമാന്‍ വെളിപ്പെടുത്തിയിരുന്നു. പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന്‍ ഇന്ത്യന്‍ വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് എഎന്‍ഐ ഇക്കാര്യം പുറത്തുവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com