ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചു ; തകര്‍ന്നത് യുവാവിന്റെ വിവാഹസ്വപ്‌നം ; സമാധാനം തേടി യുവതി 

ബാര്‍മര്‍ ജില്ലയിലെ മഹേന്ദ്രസിംഗ് എന്ന യുവാവിനാണ് അതിര്‍ത്തിയിലെ സംഘര്‍ഷം വില്ലനായത്
ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചു ; തകര്‍ന്നത് യുവാവിന്റെ വിവാഹസ്വപ്‌നം ; സമാധാനം തേടി യുവതി 

ബാര്‍മര്‍ : ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചത് തിരിച്ചടിയായത് ഇന്ത്യന്‍ യുവാവിന്റെ വിവാഹസ്വപ്‌നങ്ങള്‍ക്ക്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഖാജേദ് കാ പാര്‍ ഗ്രാമത്തിലെ മഹേന്ദ്രസിംഗ് (23) എന്ന യുവാവിനാണ് അതിര്‍ത്തിയിലെ സംഘര്‍ഷം വില്ലനായത്. ഈ മാസം എട്ടിനായിരുന്നു യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. 

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ അമര്‍കോട്ട് ജില്ലയിലെ സിനോയ് ഗ്രാമവാസിയായ ഛഗന്‍ കന്‍വറായിരുന്നു വധു. വിവാഹത്തിനായി മഹേന്ദ്രസിംഗും അടുത്ത ബന്ധുക്കളും ശനിയാഴ്ച പാകിസ്ഥാനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഝാര്‍ എക്‌സ്പ്രസില്‍ ശനിയാഴ്ച യാത്ര പുറപ്പെടാനായി ഇവര്‍ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. 

വരന്‍ മഹേന്ദ്രസിംഗിനും അഞ്ചു കുടുംബാംഗങ്ങള്‍ക്കുമാണ് വിവാഹത്തിന് പാകിസ്ഥാനിലേക്ക് പോകാന്‍ വിസയും യാത്രാ ടിക്കറ്റും അടക്കമുള്ള രേഖകള്‍ തയ്യാറാക്കിയിരുന്നത്. 90 ദിവസത്തെ വിസയാണ് ലഭിച്ചത്. വിസ കാലാവധി ആരംഭിച്ചതാകട്ടെ പുല്‍വാമ ഭീകരാക്രമണം നടന്ന ഫെബ്രുവരി 14 നും. ഇതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളം സംഘര്‍ഷം മൂര്‍ച്ഛിക്കുകയും യുദ്ധത്തിന്റെ വക്കോളമെത്തുകയും ചെയ്തു. 

സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് മഹേന്ദ്ര സിംഗിന്റെ വീട്ടുകാര്‍ വധുവിന്റെ ബന്ധുക്കളുമായി സംസാരിച്ച് വിവാഹം മാറ്റിവെക്കുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമാധാനപൂര്‍ണമായ ശേഷം വിവാഹം നടത്താനാണ് ഇരുവീട്ടുകാരുടെയും തീരുമാനം. മഹേന്ദ്രസിംഗിന്റെ വീട്ടുകാര്‍ യാത്ര റദ്ദാക്കുകയും ചെയ്തു.

മൂന്നുവര്‍ഷമായി സൗഹൃദത്തിലായിരുന്ന മഹേന്ദ്രയും ഛഗന്‍ കന്‍വാറും തമ്മിലുള്ള വിവാഹം, ഇരുവീട്ടുകാരും ചേര്‍ന്ന് ഒരു മാസം മുമ്പാണ് നിശ്ചയിച്ചത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നതായും, ക്ഷണക്കത്ത് അടക്കം തയ്യാറാക്കിയിരുന്നതായും മഹേന്ദ്രസിംഗ് പറഞ്ഞു. ഇനി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണഗതിയിലായ ശേഷം വിവാഹം നടത്താനാണ് ആലോചിക്കുന്നതെന്നും മഹേന്ദ്രസിംഗ് അറിയിച്ചു. 

രാജസ്ഥാനിലെ അതിര്‍ത്തി ജില്ലകളായ ബാര്‍മര്‍, ജയ്‌സാല്‍മീര്‍ എന്നിവിടങ്ങളിലെ രജ്പുത്, മേഘവാല്‍, ഭീല്‍, സിന്ധി, ഖത്രി സമുദായങ്ങള്‍ക്കിടയില്‍ അതിര്‍ത്തി കടന്നുള്ള വിവാഹങ്ങള്‍ സാധാരണമാണ്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മീത്തി, കോക്രാപൂര്‍, ചാച്രോ, മിര്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് അതിര്‍ത്തി കടന്നുള്ള വിവാഹങ്ങളിലേറെയും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com